Connect with us

Kozhikode

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അഹ്മദ് കോയക്ക് ഇന്നും പതിനാറ്

Published

|

Last Updated

കൊടുവള്ളി: വയസ് 74 പിന്നിടുമ്പോഴും ലഹരി വിരുദ്ധ പോരാട്ടത്തില്‍ വഴിയോര കച്ചവടക്കാരന് ഇന്നും പതിനാറിന്റെ വീറ്. കൊടുവള്ളി അങ്ങാടിയില്‍ സ്റ്റേറ്റ് ബേങ്കിന് സമീപം വഴിയോര പെട്ടിക്കടയില്‍ തുണിക്കച്ചവടം നടത്തുന്ന ചുണ്ടപ്പുറം സ്വദേശി എം എം അഹ്മദ് കോയയാണ് പ്രായത്തെ വെല്ലുന്ന രീതിയില്‍ ലഹരി വിരുദ്ധ പോരാട്ടത്തില്‍ മുന്നേറുന്നത്. 25 വര്‍ഷമായി ലഹരി വിരുദ്ധ പോരാട്ട രംഗത്ത് നിറസാന്നിധ്യമായ അഹ്മദ് കോയക്ക് സാമ്പത്തിക പ്രയാസം കാരണം തന്റെ പെട്ടിക്കട പൂട്ടിയിടേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. തന്റെ കടയുടെ സമീപത്ത് യുവാക്കളായ ലഹരിവില്‍പ്പനക്കാര്‍ ഒളിപ്പിച്ചുവെച്ച കഞ്ചാവ് കണ്ടെത്തി നശിപ്പിച്ച സംഭവത്തോടെയാണ് കഞ്ചാവിനും മയക്കുമരുന്ന് മദ്യവിപത്തിനുമെതിരെ കോയയുടെ പോരാട്ടം തുടങ്ങുന്നത്. 25 വര്‍ഷത്തിനിടെ മദ്യമയക്കുമരുന്ന് സംഘങ്ങളില്‍ നിന്നും നിരവധി തവണ മര്‍ദനങ്ങളും ഭീഷണിയും നേരിട്ടുണ്ട്. തന്റെ പോരാട്ട രംഗത്ത് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരെ കൂടി പങ്കാളികളാക്കി ചുണ്ടപുറം റോഡിലെ ചാരായഷാപ്പ് പൂട്ടിക്കാനും മാനിപുരത്തിനടുത്തുള്ള കള്ളുഷാപ്പ് പൊളിച്ചുമാറ്റുന്നതിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് അഹ്മദ് കോയയായിരുന്നു. താമരശ്ശേരി ബാര്‍ വിരുദ്ധ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു ഡസനോളം കേസുകളില്‍ പോലീസിനുവേണ്ടി സാക്ഷി പറഞ്ഞത് അഹ്മദ് കോയയാണ്. മദ്യമയക്കുമരുന്ന് കേസുകളില്‍ സാക്ഷികളെ കിട്ടാതെ പോലീസ് വലയുമ്പോള്‍ രക്ഷകനാകുക ഇദ്ദേഹമാണ്. സ്വന്തമായി ക്യാബിനും മൈക്കും വാങ്ങി നാട്ടുകാരോട് ലഹരിക്കെതിരെ പ്രസംഗിച്ചു ബോധവത്കരിക്കുന്ന അഹ്മദ് കോയക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഖുര്‍ആനും ബൈബിളും ഭഗവത്ഗീതയും പ്രസംഗത്തിലുടനീളം എടുത്തുപറഞ്ഞാണ് ബോധവത്കരണം. നാല് കുട്ടികളടങ്ങുന്ന കുടംബത്തെ പുലര്‍ത്തുന്നതിനിടെയാണ് ശത്രുക്കളെയുണ്ടാക്കുന്ന ലഹരി വിരുദ്ധ പോരാട്ടം.