Connect with us

Eranakulam

മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്ന റെയില്‍വേ ബജറ്റ് പ്രഖ്യാപനം ജലരേഖയായി

Published

|

Last Updated

കൊച്ചി: കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്ന റെയില്‍വേ ബജറ്റ് പ്രഖ്യാപനം പാഴായി. പദ്ധതി റെയില്‍വേ ഉപേക്ഷിച്ചെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബിനു സമര്‍പ്പിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
2009 – 2010 ലെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മമതാ ബാനര്‍ജിയാണ് രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായി മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്കു വേണ്ടി ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതിനുള്ള പഠനത്തിനായി മാത്രം 29.41 ലക്ഷം രൂപ റൈറ്റ്‌സ് എന്ന സ്ഥാപനത്തിനായി ചെലവാക്കുകയും പദ്ധതി റെയില്‍വേ ഉപേക്ഷിക്കുകയുമായിരുന്നു.
പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതിയായി(പി പി പി) മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് അനുമതി നല്‍കാനാകില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് രേഖമൂലം നല്‍കിയ മറുപടിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ വിശദീകരിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തിന് 20 ഏക്കര്‍ സ്ഥലം ആവശ്യമാണ്. എന്നാല്‍ 12.75 ഏക്കര്‍ സ്ഥലമാണ് എറണാകുളം പഴയ റെയില്‍വേ സ്റ്റേഷനുള്ളത്. 500 കിടക്കകളുള്ള മെഡിക്കല്‍ കോളജിന് ഇത് അപര്യാപ്തമാണെന്നാണ് റെയില്‍വേ മന്ത്രി കെ എച്ച് മുനിയപ്പ 2012 ഫെബ്രുവരി 23ന് നല്‍കിയ കത്തില്‍ പറഞ്ഞത്. ആദ്യം കണ്ടെത്തിയ സ്ഥലം തിരുവനന്തപുരം പാറശാലയാണ്. അവിടെ സ്ഥലം ലഭ്യമല്ലെന്നറിയച്ചതോടെയാണ് റെയില്‍വേയുടെ തന്നെ എറണാകുളത്തെ സ്ഥലം പരിഗണിച്ചത്. 20 ഏക്കര്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സംസ്ഥാന സര്‍ക്കാറിനെയും അറിയിച്ചിട്ടുള്ളത്. ഹൈക്കോടതിക്ക് സമീപമുള്ള സ്ഥലം മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി ഉപയോഗിക്കുമെന്ന് റെയില്‍വേ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യാതൊരു വിധതുടര്‍ നടപടിയും പിന്നീടുണ്ടായില്ല. റെയില്‍വേ ജീവനക്കാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പദ്ധതിയും ഇതിലൂടെ വിഭാവനം ചെയ്യുന്നുവെന്ന് ബജറ്റ് പ്രസംഗത്തില്‍ മമത പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായിരിക്കുകയാണ്.

Latest