ഇറാഖ് സൈന്യത്തിന് തിക്‌രീതിന്റെ പൂര്‍ണ നിയന്ത്രണം; അടുത്ത ലക്ഷ്യം മൊസൂള്‍

Posted on: April 3, 2015 6:00 am | Last updated: April 2, 2015 at 11:58 pm

ബഗ്ദാദ്: ഇറാഖിലെ തിക്‌രീത് നഗരം ഇസില്‍ തീവ്രവാദികളില്‍ നിന്ന് തിരിച്ചുപിടിച്ച ഇറാഖ് സൈന്യം ഇവിടെ ദേശീയ പതാക ഉയര്‍ത്തി. തിക്‌രീത് നഗരം മോചിപ്പിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍അബ്ബാദി ഇറാഖ് ടെലിവിഷനില്‍ പ്രഖ്യാപനം നടത്തി. അടുത്ത ലക്ഷ്യം മൊസൂള്‍ നഗരമാണെന്നും അദ്ദേഹം അറിയിച്ചു. തീക്‌രീതില്‍ അവശേഷിക്കുന്ന തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് തിക്‌രീത് നഗരം ഇസില്‍ തീവ്രവാദികള്‍ പിടിച്ചടക്കിയിരുന്നത്.
അടുത്ത സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രതിരോധമന്ത്രി ഖാലിദ് അല്‍ഉബൈദി സൈനികത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. വലിപ്പത്തിലും ജനസാന്ദ്രതയിലും തിക്‌രീത്തിനെക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന മൊസൂള്‍ ഇറാഖിലെ രണ്ടാമത്തെ പ്രമുഖനഗരമാണ്. കഴിഞ്ഞ കുറെ മാസങ്ങളായി തിക്‌രീതിന് വേണ്ടിയുള്ള പോരാട്ടം ഇറാഖ് സൈന്യവും ശിയാ സഖ്യസൈന്യവും ശക്തിമാക്കിയിരുന്നു. ഇവര്‍ക്ക് സഹായമായി അല്‍ബദ്‌ര് എന്ന സംഘടനയും രംഗത്തുണ്ടായിരുന്നു.
തിക്‌രീതിന്റെ മധ്യഭാഗവും തെക്ക് പടിഞ്ഞാറു ഭാഗങ്ങളും നിയന്ത്രണത്തിലാക്കിയതായി കഴിഞ്ഞ ദിവസം സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം സൈന്യത്തിന് ലഭിച്ചതായി സൈനിക നേതാക്കള്‍ അറിയിച്ചു. ഇരുപതിനായിരത്തോളം വരുന്ന നഗരത്തിലെ ജനങ്ങളെ സൈനികനീക്കത്തിന്റെ മുന്നോടിയായി ഒഴിപ്പിച്ചിരുന്നു. നഗരം വിട്ട് സ്വലാഹുദ്ദീന്‍ പ്രവിശ്യയില്‍ അഭയം തേടിയ കുടുംബങ്ങള്‍ ഇവിടേക്ക് തിരിച്ചെത്തി തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.