Connect with us

Articles

ഉള്ളാള്‍ ഉറൂസും സയ്യിദ് മദനി തങ്ങളും

Published

|

Last Updated

ഇന്ത്യയിലെ പ്രസിദ്ധമായ മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാളിലെ ഉറൂസ് ഏപ്രില്‍ 2 മുതല്‍ 26 വരെ നടക്കുകയാണ്. കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമായ ഉള്ളാളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാന്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (റ) തങ്ങള്‍ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മദീനയില്‍ നിന്നു ഉള്ളാളിലെത്തി. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സമുദ്രത്തിന് മുകളില്‍ ഒരു നിസ്‌കാരപ്പടം വിരിച്ചു അതിലിരുന്നുകൊണ്ടായിരുന്നു യാത്ര.
ഉള്ളാള്‍ കടപ്പുറത്തിനടുത്തുള്ള മേലങ്ങാടിയിലെ പള്ളിയിലാണ് മഹാന്‍ താമസിച്ചത്. പള്ളിയില്‍ സദാസമയം ആരാധനയില്‍ മുഴുകിയിരുന്ന തങ്ങള്‍ ജനസേവനവും ആരാധനയുടെ ഭാഗമായി കണ്ടു. വൈഷമ്യങ്ങള്‍ കൊണ്ട് വഴിമുട്ടി തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം ഒരാശ്വാസവും അത്താണിയുമായി നിലകൊണ്ടു. നിരവധി മാറാവ്യാധികളും സാംക്രമിക രോഗങ്ങളും പൈശാചിക ബാധകളും അവിടുന്ന് ഭേദപ്പെടുത്തിയിട്ടുണ്ട്.
മതനിയമങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള മദനി തങ്ങള്‍ മതനിയമങ്ങള്‍ക്കനുസൃതമായി മാതൃകാ ജീവിതം നയിച്ചു. അത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളിലേക്കിറങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
നിര്‍ബന്ധമായ ഇബാദത്തുക്കള്‍ വളരെ സൂക്ഷ്മതയോടെ പരിപൂര്‍ണമായ നിലയ്ക്കു നിര്‍വഹിക്കും. സുന്നത്തായ ആരാധനകള്‍ നിര്‍ബന്ധം പോലെ നിര്‍വഹിക്കും. മതദൃഷ്ടാ നല്ലതല്ലാത്തത് നൂറു ശതമാനം നിശിദ്ധമായിക്കണ്ട് ഒഴിവാക്കി. ഇങ്ങനെ ജീവിച്ച സയ്യിദ് മദനി അവര്‍കളുടെ പ്രാര്‍ഥനക്കു വലിയ ഫലമായിരുന്നു. കുറച്ചുകാലങ്ങള്‍ക്കു ശേഷം ഒരു കിലോമീറ്റര്‍ അകലെ പുഴക്കരയിലെ ഹളേക്കളയില്‍ നിന്നു വിവാഹം ചെയ്തു. സന്താനങ്ങളുള്ളതായി ചരിത്രമില്ല.
അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) തങ്ങളുടെ ദര്‍ഗ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംബന്ധിക്കുന്ന ഉറൂസ് ഇവിടെയാണ്. ഈ ഉറൂസിലും മറ്റും യാതൊരു അസൗകര്യങ്ങളും അസ്വസ്ഥതകളും അനുഭവപ്പെടാറില്ല എന്നത് തന്നെ തങ്ങളുടെ കറാമത്താണ്. ഉറൂസ് സമാപന ദിവസം എത്തുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു മുഴുവനും ആട്ടിറച്ചിയും നെയ്‌ച്ചോറും വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നു.
ഇവിടുത്തേക്ക് നേര്‍ച്ചയാക്കിവിടുന്ന ആടുമാടുകള്‍ ഉറൂസ് നാളടുക്കുമ്പോള്‍ നാഴികകള്‍ താണ്ടി മഖാം പരിസരത്ത് എത്തിച്ചേരുക പതിവാണ്. ഉള്ളാള്‍ പ്രദേശം ഒരിക്കല്‍ രൂക്ഷമായ ജലക്ഷാമം കൊണ്ട് പൊറുതിമുട്ടി. ആ വര്‍ഷം തന്നെയായിരുന്നു ഉറൂസും. പതിനായിരങ്ങള്‍ക്കു ഭക്ഷണം പാകം ചെയ്യാന്‍ പോയിട്ട് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ വലിയ പ്രശ്‌നമായി. അടുത്ത പ്രദേശങ്ങളിലും വെള്ളമില്ല. അങ്ങനെ കമ്മിറ്റി ഭാരവാഹികളും മറ്റും മഖാം ശരീഫില്‍ ചെന്ന് ദുആ ചെയ്തു ആവലാതി ബോധ്യപ്പെടുത്തി. പ്രാര്‍ഥന കഴിഞ്ഞ് കണ്ണീര്‍ തുടക്കുന്നിടക്കു വലിയ ഒരു ശബ്ദം കേട്ടു. മഖാമിന്റെ തൊട്ടരികിലുള്ള കിണറിനകത്തു നിന്നാണ് ശബ്ദം. അവര്‍ തിരിച്ചറിഞ്ഞു. എന്തു സംഭവിച്ചെന്നറിയാതെ ജനങ്ങള്‍ അങ്ങോട്ട് തിരിഞ്ഞു. വരണ്ടു കിടക്കുന്ന കിണറില്‍ വെള്ളം നിറഞ്ഞുവരുന്നു. 1945ലാണ് ഈ സംഭവം. ഖുത്വുബുസ്സമാന്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി തങ്ങളുടെ കറാമത്തുകളും നേര്‍ച്ചയുടെയും സിയാറത്തിന്റെയും ഫലങ്ങളും പറഞ്ഞാല്‍ ഒടുങ്ങാത്തതാണ്.
ഉള്ളാള്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നു മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ഉള്ളാള്‍ വലിയ ജുമുഅത്ത് പള്ളി. അതിന്റെ തൊട്ടരുമ്മി മദനി തങ്ങളുടെ അന്ത്യവിശ്രമയിടം. സയ്യിദ് ശരീഫുല്‍ മദനി അവര്‍കളുടെ മഹത്വവും പ്രൗഢിയും ആത്മീയ ചൈതന്യവും വിളിച്ചറിയിക്കുന്നതാണ് ദര്‍ഗാ ശരീഫ്.
അതുപോലെ 45 വര്‍ഷമായി ഉന്നത നിലവാരം പുലര്‍ത്തിവരുന്ന സയ്യിദ് മദനി അറബിക് കോളജ് ഇന്ത്യയില്‍ അറിയപ്പെടുന്ന മതവിജ്ഞാനകേന്ദ്രമാണ്. ഇതുവരെ അയ്യായിരത്തിലധികം യുവ പണ്ഡിതന്മാരെ മൗലവി ഫാസില്‍ മദനി ബിരുദം നല്‍കി സമുദായത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 12 ഞായറാഴ്ച നടക്കുന്ന അറബിക് കോളജിന്റെ 45-ാം വാര്‍ഷിക 35-ാം സനദ്ദാന സമ്മേളനത്തില്‍ 40 പേര്‍ക്കു ബിരുദം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം വരെ ഇവിടുത്തെ മതഭൗതിക നേതൃത്വം ആത്മീയ ലോകത്തെ കിരീടമായിരുന്ന താജുല്‍ ഉലമ തങ്ങളായിരുന്നു. ഈ വര്‍ഷത്തെ ഉറൂസും അനുബന്ധ പരിപാടികളും നടക്കുന്ന വേദി താജുല്‍ ഉലമയുടെ നാമത്തിലാണ്. “ലോക സമാധാനത്തിന് ആത്മീയത” എന്ന ശ്രദ്ധേയമായ പ്രമേയമാണ് ഉറൂസ് ഉയര്‍ത്തിപ്പിടിക്കുന്നത്.
താജുല്‍ ഉലമയുടെ വഫാത്തിനു ശേഷം ഇവിടുത്തെ കടിഞ്ഞാല്‍ പുത്രനും സൂഫീവര്യനുമായ പണ്ഡിതന്‍ അല്‍ ആലിം ഖാസി അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങളാണ്. പിതാവ് താജുല്‍ ഉലമയുടെ വഫാത്തിനു മുമ്പു തന്നെ സഹ ഖാളിയായി നിയമിതനായ തങ്ങള്‍ ഉള്ളാള്‍ ഉള്‍പ്പെടെ നിരവധി മഹല്ലുകളുടെ ഖാസിയും ഉപദേശകനുമാണ്. താജുല്‍ ഉലമക്കുശേഷം മദനികോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുള്ളത് ശൈഖുനാ താഴക്കോട് അബ്ദുല്ല മുസ്‌ലിയാരാണ്.
വലിയ ജുമുഅത്ത് പള്ളിക്കു പുറമെ പതിനഞ്ച് ജുമുഅത്ത് പള്ളിയും പതിനെട്ടു നിസ്‌കാരപ്പള്ളികളും ഉന്നത നിലവാരം പുലര്‍ത്തുന്ന മുപ്പത്തിമൂന്ന് മദ്‌റസകളും പെണ്‍കുട്ടികള്‍ക്കു പ്രത്യേകമായ ബനാത് സ്‌കൂളും ഡിഗ്രി വരെ പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാലിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട അമ്പത്തഞ്ചംഗ പ്രവര്‍ത്തക സമിതിയാണ്.
മത-ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ഭക്ഷണവും താമസസൗകര്യങ്ങളും മറ്റും 600 ഓളം ജീവനക്കാരുടെ ശമ്പളവും ദര്‍ഗാ ശരീഫ് കമ്മിറ്റിയാണ് വഹിച്ചുപോരുന്നത്. പുറമെ ഉള്ളാള്‍ ജമാഅത്തില്‍ പെട്ടതും അല്ലാത്തതുമായ അനാഥ-അഗതികളുടെയും സാധുജനങ്ങളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കുകയും വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കമ്മിറ്റി ചെയ്തുവരുന്നു.
ക്ഷാമം, വരള്‍ച്ച, വെള്ളപ്പൊക്കം, അപകടം, മരണം തുടങ്ങിയ ആപത്ഘട്ടങ്ങളില്‍ കുടുങ്ങിയവരുടെ സമീപത്തേക്ക് സമാശ്വാസത്തിന്റെ സന്ദേശവുമായി ഓടിയെത്തി പ്രശ്‌നങ്ങളെന്തായാലും പരിഹരിക്കുന്നു, ജമാഅത്ത്-ദര്‍ഗാ ശരീഫ് ഭാരവാഹികള്‍. ഇന്ത്യയിലെ നിരവധി പള്ളി-മദ്‌റസ കാരുണ്യസ്ഥാപനങ്ങളില്‍ പലതിനും ഇവിടെന്ന് സഹായങ്ങള്‍ ചെയ്തുവരുന്നു. ഇതിനൊന്നും ഒരു തരത്തിലുള്ള പിരിവോ സംഭാവനയോ സ്വീകരിക്കാറില്ല. എല്ലാറ്റിനും മദനി തങ്ങളുടെ പേരില്‍ വരുന്ന നേര്‍ച്ചയായി കിട്ടുന്ന വരുമാനം മാത്രമാണ് അവലംബം.
രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദേശങ്ങളില്‍ നിന്നുമായി ഈവര്‍ഷത്തെ ഉറൂസിന് 30 ലക്ഷത്തിലധികം പേര്‍ സംബന്ധിക്കുമെന്നും അവര്‍ക്കുള്ള ഭക്ഷണപാനീയങ്ങളുള്‍പ്പെടെയുള്ള സൗകര്യത്തിന് കര്‍ണാടക സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ദര്‍ഗാ കമ്മിറ്റി അംഗം അശ്‌റഫ് അറിയിച്ചു. നേര്‍ച്ചവസ്തുക്കള്‍ സ്വീകരിക്കാന്‍ പ്രത്യേക യൂനിറ്റുതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏപ്രില്‍ 26നു സുബ്ഹി നിസ്‌കാരാനന്തരം ലക്ഷങ്ങള്‍ക്കു അന്നദാന വിതരണത്തോടെ 423-ാം ഉറൂസിനു തിരശ്ശീല വീഴും.