Connect with us

Articles

ചൂടിനെ എങ്ങനെ നേരിടാം?

Published

|

Last Updated

ലോകത്ത് തന്നെ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നായി നമ്മുടെ നാട് മാറുകയാണോ? കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ചൂട് അങ്ങനെയൊരു നിഗമനത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. കോഴിക്കോട്ട് 38 ഡിഗ്രി സെല്‍ഷ്യസ് ഒക്കെയല്ലേ രേഖപ്പെടുത്തുന്നത്? സൂര്യാഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഔദ്യോഗികമായി നല്‍കിക്കഴിഞ്ഞു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറയുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. വയലുകളും ചുതുപ്പുകളും നികത്തുകയും അവിടെയെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുകയുമാണല്ലോ എല്ലായിടത്തും.
കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ വ്യതിയാനങ്ങള്‍ വേനല്‍ക്കാലത്തെ വിഷമങ്ങളെ വര്‍ധിപ്പിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. കൂടിവരുന്ന ചൂടിന്റെ ആധിക്യമാണ് ഇതിലെ ഏറ്റവും വലിയ ഉപദ്രവകാരി. അധികമായി ഊര്‍ജം ഉപയോഗിക്കുന്നതാണ് ഇതിന്റെ കാരണമെന്ന് യു എന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇതിനകം നിരവധി തവണ വ്യക്തമാക്കുകയുണ്ടായി. പ്രത്യേകിച്ചും വാഹനങ്ങളില്‍ നിന്നും എ സി, റഫ്രിജറേറ്റര്‍ എന്നിവയില്‍ നിന്നും പുറത്തുവരുന്ന വാതകങ്ങളും മറ്റും ഇതിന് വലിയ പങ്ക് വഹിക്കുന്നു. അങ്ങനെ വരുമ്പോള്‍ ചൂട് കൂടുന്നതില്‍ കേരളത്തിന് പ്രത്യേക സ്ഥാനം ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 40 കൊല്ലം മുമ്പ് കൊല്ലത്തില്‍ നൂറില്‍ താഴെ പുതിയ കാറുകള്‍ മാത്രം വിറ്റിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഒരു മണിക്കൂറില്‍ എത്രയധികം കാറുകളാണ് വില്‍ക്കുന്നത്? ഏതായാലും കൊല്ലം തോറും ആഗോള താപനം രണ്ട് ഡിഗ്രി സെന്റി ഗ്രേഡ് വീതം വര്‍ധിക്കുന്നുണ്ടെന്ന കണക്ക് തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തേണ്ട ഒരു വസ്തുതയാണ്. ഈ വസ്തുതകളെല്ലാം കൂടി ചേര്‍ന്നാണ് നമ്മുടെ ഉഷ്ണകാലത്തെ ഇത്രയേറെ ബുദ്ധിമുട്ടുള്ളതാക്കിത്തീര്‍ക്കുന്നത്.
ഉഷ്ണകാലത്തെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന് സൂര്യതാപം ഏല്‍ക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. പണ്ട് കേരളീയര്‍ ധാരാളം വെയിലത്ത് പണിയെടുത്തിരുന്നു. എന്നിട്ടും ഇങ്ങനെ ഒരു പ്രശ്‌നമുണ്ടായിരുന്നില്ല എന്ന് നാം ഓര്‍ക്കണം. മാത്രമല്ല, മനുഷ്യ ശരീരത്തെ ചില വിറ്റാമിനുകളുടെ അഭാവത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലുമുള്ള കഴിവ് സൂര്യ രശ്മിക്കുണ്ട്. (ഉദാഹരണം- വിറ്റാമിന്‍). അതുകൊണ്ടാണ് നമുക്ക് കുഞ്ഞുങ്ങളില്‍ റിക്കറ്റ്‌സ് മുതലായ രോഗങ്ങള്‍ അധികമായി കാണാതിരിക്കുന്നത്. അതേമാതിരി തന്നെ ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലും വൃദ്ധന്‍മാരായ പുരുഷന്‍മാരിലും കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസ് രോഗത്തെ തടുക്കാനുള്ള കെല്‍പ്പും സൂര്യരശ്മിക്കുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് അല്‍പ്പ നേരം വെയില്‍ കൊള്ളുന്നത് ഒരു ചികിത്സാവിധിയായി പോലും നിര്‍ദേശിക്കാറുണ്ട്.
പക്ഷേ, ഈ ഗുണഫലങ്ങള്‍ ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി തന്നെ രാവിലെ ഒരു മണിക്കൂറും വൈകുന്നേരം നാല് മണിക്ക് ശേഷവുമേ സൂര്യരശ്മികള്‍ തട്ടാന്‍ പാടുള്ളൂ. അതല്ലാത്തപക്ഷം ആക്ട്‌നിക് രശ്മികള്‍ കാരണം വിഷമങ്ങള്‍ ഉണ്ടാകേും. അതുകൊണ്ടാണ് “പോക്കുവെയില്‍ തട്ടിയാല്‍ പൊന്നുപോലെ” എന്ന പഴഞ്ചൊല്ല് തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടായത്. ഒരു കാലത്ത് ധാരാളം മരങ്ങളും ചെടികളും പച്ചപ്പും മറ്റും ഉണ്ടായിരുന്നു.
“”മാവും പിലാവും പുളിയും തെങ്ങു
മാഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞഹോ സസ്യലതാഢ്യമായ
വിഭാന്നിതാ മന്നില്‍ വിളങ്ങിടുന്നു“”
എന്നു മഹാകവി കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ വിവരിച്ച പോലെ ലോകത്തിലെ തന്നെ ഏറ്റവും ശ്യാമളസുന്ദരമായ ഒരു ഭാഗമായിരുന്നു നമ്മുടെ നാട്. എന്നാല്‍ പണക്കൊതിയുടെ കാമത്താല്‍ ഭോഷന്‍മാരായ നാം മരമെല്ലാം വെട്ടി വെളുപ്പിച്ചു, കോണ്‍ക്രീറ്റ് കാടുകള്‍ വെച്ചു പിടിപ്പിച്ചു. തോട് നാം മണ്ണിട്ടു നികത്തി. ഭൂപ്രകൃതിയാകെ മാറി. ഒരു മരുഭൂമിയാകാനുള്ള പ്രയാണം ആരംഭിച്ചിരിക്കുകയാണ് നാം. നമുടെ കുളങ്ങളും കിണറുകളും നാം നികത്തി. കോണ്‍ക്രീറ്റില്‍ കൂടി വെള്ളം ഭൂമിയിലേക്ക് ഊര്‍ന്നു ചെല്ലുവാന്‍ സാധ്യമല്ലാത്തതുകാരണം ഭൂഗര്‍ഭ ജലം ലഭ്യമല്ലാതായി. മണല്‍ വാരല്‍കൂടി വ്യാപകമായതോടെ നദികളെല്ലാം മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പരിതസ്ഥിതിയില്‍ നമുക്ക് ഉഷ്ണകാലം ഇതിലും കൂടുതല്‍ ദുഷ്‌കരമാകാനുള്ള സാധ്യതകളാണ് ഉള്ളത്.
സൂര്യതാപം നേരിട്ട് ദേഹത്തില്‍ പതിക്കുന്നത് കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉഷ്ണാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക്. ഇതില്‍ ദേഹത്തിലെ ഊഷ്മാവ് പെട്ടെന്ന് വര്‍ധിക്കും. നമ്മുടെ ശരീരരത്തിന്റെ സാധാരണ ഊഷ്മാവ് 37 സെന്റിഗ്രേഡ്(98.4 ഫാറന്‍ഹീറ്റ്) ആണ്. പനിയിലും മറ്റും അത് വര്‍ധിക്കാറുണ്ട്. പെട്ടെന്ന് ടെമ്പറേച്ചര്‍ അമിതമായി വര്‍ധിക്കുന്നത് കൊണ്ടാണ് ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. വളരെ അപകടകരമായ ഈ അവസ്ഥയില്‍ രോഗി ബോധരഹിതനാകും. ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാം. ഇതിന് ചെയ്യേണ്ടത് രോഗിയെ ഉടനെത്തന്നെ തണലിലേക്ക് മാറ്റുകയും തണുത്ത വെള്ളം അഥവാ ഐസ് കൊണ്ട് സ്‌പോഞ്ച് ചെയ്ത് ടെമ്പറേച്ചര്‍ കുറക്കുകയുമാണ്. പെട്ടെന്ന് തന്നെ വേണ്ട നടപടികള്‍ എടുത്താല്‍ രോഗിയെ രക്ഷിക്കാന്‍ സാധിക്കും. ഹീറ്റ് സട്രോക്ക് ഒഴിവാക്കാന്‍ താഴെ പറയുന്ന നടപടികള്‍ എടുക്കേണ്ടതുണ്ട്.
1. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്.
2. ജോലിക്കാരെ ഉച്ചക്ക് തീരെ തണലില്ലാത്ത സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കരുത്. പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ മേലെ നിലകളിലുള്ള പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
3. റോഡിലെ ടാറിംഗ് പണികളും മറ്റും ഉച്ചസമയങ്ങളില്‍ നടത്തരുത്. മിക്ക പരിഷ്‌കൃത രാജ്യങ്ങളിലും ഇപ്പോള്‍ ഇത്തരം പണികള്‍ രാത്രികാലങ്ങളില്‍ കൃത്രിമവെളിച്ചത്തിലാണ് ചെയ്യാറുള്ളത്.
മേല്‍പ്പറഞ്ഞതിനു പുറമെ അമിതമായ ചൂട് കൊണ്ട് വിയര്‍പ്പ് കൂടുകയും ദേഹത്തില്‍ നിന്ന് ജലവും ഉപ്പും പോകുകയും ചെയ്യുന്നതു കൊണ്ട് ഡീഹൈഡ്രേഷന്‍ ഉണ്ടാകുകയും ചെയ്യാനിടയുണ്ട്. വയറിളക്കം മുതലായ രോഗങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന ഡീഹൈഡ്രേഷന് തുല്യമാണ് ഇത്. ഡീഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയാണ് വേണ്ടത്. സോഡയോ ഏരിയേറ്റഡ് പാനീയങ്ങളോ കഴിക്കുന്നത് നല്ലതല്ല. സംഭാരം, ഇളനീര്‍വെള്ളം എന്നിവയാണ് ഗുണകരം. അതുകൊണ്ടാണ് പണ്ട് കാലങ്ങളില്‍ ഉഷ്ണകാലത്ത് തണ്ണീര്‍ പന്തലുകളില്‍ സൗജന്യമായി സംഭാരം നല്‍കിയിരുന്നത്.
നിര്‍ജലീകരണം വര്‍ധിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനം നിലക്കും. ഈ വിഷമം ഒഴിവാക്കാന്‍പണ്ട് ഉപ്പ് കലര്‍ത്തിയ വെള്ളം (സലൈന്‍) കുത്തിവെക്കുകയാണ് ചെയ്തിരുന്നത്. ഇതിന് പ്രത്യേക ഉപകരണങ്ങല്‍ വേണം. ഇത് പലപ്പോഴും ആശുപത്രികളില്‍ മാത്രം ചെയ്യാവുന്ന പ്രക്രിയയും ആണ്. അത് കാരണം നിരവധി കുട്ടികള്‍ക്ക് ഗുരുതരമായ രോഗമുണ്ടാകുകയും അതില്‍പ്പലരും മരണമടയുകയും ചെയ്തിരുന്നു. പക്ഷേ, ഈ ലായനി കുത്തിവെപ്പില്‍ക്കൂടി നല്‍കേണ്ട ആവശ്യമില്ലെന്നും വായില്‍ക്കൂടി കൊടുത്താല്‍ മതിയെന്നും തെളിയിക്കപ്പെട്ടതോടുകൂടിയാണ് നമുക്ക് നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്. ലോകാരോഗ്യ സംഘടന നിര്‍വചിച്ചിട്ടുള്ള ഈ ചികിത്സാരീതി ഇന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ചെയ്യാന്‍ ഡോക്ടറുടെ സഹായം പോലും ആവശ്യമില്ല. ഏത് പരിചാരകനോ പരിചാരികക്കോ ചെയ്യാവുന്നതേയുള്ളൂ. ഓറല്‍ റീഹാബിലിറ്റേഷന്‍ തെറാപ്പി എന്നറിപ്പെടുന്ന ഈ ചികിത്സാക്രമത്തില്‍ നാം ഒരു ഗ്ലാസ് വെള്ളത്തില്‍ (100 മില്ലി), ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലൂക്കോസും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കലക്കി കുട്ടിക്കു നലകിയാല്‍ മതി. ഗ്ലൂക്കോസിനു പകരം പഞ്ചസാരയായാലും മതി. അതുമല്ലെങ്കില്‍ കഞ്ഞി വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് കുടിക്കുവന്‍ നല്‍കിയാലും മതി.
ഉഷ്ണകാലത്ത് ദേഹം ശുചിയാക്കിവെക്കാന്‍ (പ്രത്യേകിച്ചും വിയര്‍പ്പും അതിയായ പൊടിയും പുരളുന്നത് കൊണ്ട്) രണ്ട് നേരം കുളിക്കുന്നത് വളരെ നല്ലതാണ്. അടുത്തകാലം വരെ കുളത്തില്‍ പോയി രണ്ട് നേരം നീന്തിക്കുളിക്കുന്നത് ശരീരം വൃത്തിയായി സൂക്ഷക്കുന്നതിനും വ്യായാമത്തിനും നല്ലൊരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു. ഇന്ന് ആ സ്വഭാവങ്ങളെല്ലാം മാറിയതുകൊണ്ട് നാം അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂ.
അമിതമായ ചൂടും തുലാവര്‍ഷവും വരുന്ന കാലങ്ങളിലായി നമുക്ക് സ്‌കൂളുകള്‍ക്ക് അവധി കൊടുക്കുന്നതും പഠനക്രമം അതനുസരിച്ച് ക്രമീകരിക്കുന്നതും നല്ല കാര്യമായിരിക്കും. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും കഴിയുന്നത്ര മരങ്ങളും ചെടികളും വെച്ചു പിടിക്കുന്നതും കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുവാന്‍ നമുക്ക് പ്രയോജനപ്പെടും. വേനല്‍ക്കാലത്തെ ചൂട് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മരം വെച്ചുപിടിപ്പിച്ച് ചൂട് കുറയ്ക്കുകയാകും പ്രതിവിധി.

 

Latest