ജനതാ പരിവാര്‍ സംഘടന: ചക്രമോ സൈക്കിളോ ചിഹ്നമാക്കാന്‍ ആലോചന

Posted on: April 3, 2015 5:37 am | Last updated: April 2, 2015 at 11:37 pm

ന്യൂഡല്‍ഹി: പാര്‍ട്ടി ലയനം സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ക്കായി ജനതാ പരിവാര്‍ സംഘടനകള്‍ ഞായറാഴ്ച യോഗം ചേരും. പാര്‍ട്ടിയുടെ പുതിയ പേരും ചിഹ്നവും അന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏപ്രില്‍ അഞ്ചിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പരിവാര്‍ സംഘടനയിലെ മുഴുവന്‍ നേതാക്കളും സംബന്ധിക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജനതാദള്‍ അധ്യക്ഷന്‍ ശരത് യാദവ്, ആര്‍ ജെ ഡി നേതാവ് ലാലുപ്രാസാദ് യാദവ് എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, സമാജ്‌വാദി ജനതാ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളാണ് പങ്കെടുക്കുക. പരിവാര്‍ സംഘടനയില്‍ ഏറ്റവും കൂടുതല്‍ എം പിമാരുള്ള എസ് പിയുടെ നേതാവ് മുലായം സിംഗ് യാദവായിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍.
വ്യത്യസ്ത ചിഹ്നങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന ജനതാ പാര്‍ട്ടികള്‍ക്ക് ഞായറാഴ്ചത്തെ യോഗത്തില്‍ ഒരു ഏകീകൃത ചിഹ്നം കണ്ടെത്തും. 1999ല്‍ ശരത് യാദവിന്റെ കീഴില്‍ ജനതാദള്‍ യു എന്ന പേരിലും എച്ച് ഡി ദേവഗൗഡയുടെ പേരില്‍ ജനതാദള്‍ എസ് എന്ന പേരിലും പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ജനതാദളിന്റെ ചക്ര ചിഹ്നം മരവിപ്പിച്ചിരുന്നു. രണ്ട് പാര്‍ട്ടികള്‍ക്കും അന്ന് വെവ്വേറെ ചിഹ്നം അനുവദിക്കുകയും ചെയ്തു. ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യു അന്ന് എന്‍ ഡി എ സര്‍ക്കാറില്‍ ഘടകകക്ഷിയാകുകയും ചെയ്തു.
സമാജ്‌വാദി ജനതാ പാര്‍ട്ടിയെന്നോ സമാജ്‌വാദി ജനതാദള്‍ എന്നോ ആയിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. പുതിയ പാര്‍ട്ടിക്ക് ചക്രമോ സൈക്കിളോ ചിഹ്നമായി കൊണ്ടുവരാനാണ് ആലോചന. സൈക്കിള്‍ നിലവില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമാണ്.