കെട്ടിടം വൃത്തിയാക്കുന്നതിനിടയില്‍ 10ാം നിലയില്‍ നിന്നു വീണു യുവാവ് മരിച്ചു

Posted on: April 2, 2015 8:03 pm | Last updated: April 2, 2015 at 8:03 pm

ദുബൈ: കെട്ടിടം വൃത്തിയാക്കുന്നതിനിടയില്‍ 10-ാം നിലയില്‍ നിന്ന് വീണ് ബംഗ്ലാദേശ് പൗരന്‍ മരിച്ചു. കെട്ടിടത്തിനെ പൊതിഞ്ഞ ചില്ലുകള്‍ തുടച്ചു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പെട്ടിരുന്ന റസാല്‍മിയ എന്ന യുവാവാണ് ദെയ്‌റ പോര്‍ട്ട് സഈദ് മേഖലയില്‍ ദാരുണമായി മരിച്ചത്. വീഴ്ചയില്‍ തന്നെ യുവാവ് മരിച്ചതായി അല്‍ മുറഖാബാദ് പോലീസ് സ്‌റ്റേഷന്‍ മാനേജര്‍ കേണല്‍ ആദില്‍ അല്‍ സുവൈദി വെളിപ്പെടുത്തി. തൊഴിലാളി മരിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഏര്‍പെടുത്തിയിരുന്നോ എന്നത് ഉള്‍പെടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കയാണ്. സുരക്ഷാ മുന്‍കരുതല്‍ തൊഴിലാളി സ്വയം എടുക്കാത്തതാണോ, അതോ മറ്റ് വല്ല കാരണവും മരണത്തിന് പിന്നിലുണ്ടോയെന്നതും വിശദമായി പരിശോധിക്കുമെന്നും അല്‍ സുവൈദി വ്യക്തമാക്കി. ബിസിനസ് അവന്യു ടവറിന് സമീപത്ത് കൂടി സഞ്ചരിച്ചവരാണ് ഇന്നലെ രാവിലെ ആറിന് തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹം കണ്ടത്.