‘ഐ എസ് ഡിയിലെ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും’

Posted on: April 2, 2015 6:00 pm | Last updated: April 2, 2015 at 6:18 pm

മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികളെ സ്‌കൂളിലും വീട്ടിലുമെത്തിക്കുന്ന ബസ് ഡ്രൈവര്‍മാര്‍ക്ക് പരീശീലനം നല്‍കാന്‍ തീരുമാനം. ഈ മാസം തന്നെ പരീശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും രക്ഷിതാക്കളും അധ്യാപകരും എസ് എം സിയും ചേര്‍ന്നുള്ള സ്‌കൂള്‍ ഗവേര്‍ണിംഗ് വിഭാഗമാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ബി ഒഡി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജിനെ ഉദ്ധരിച്ച് മസ്‌കത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കും. ആദ്യമായി ഐ എസ് ഡിയിലെ ബസ് ഡ്രൈവര്‍മാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുക. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും രക്ഷിതാക്കളുടെ ആശങ്ക ഒഴിവാക്കുന്നതിന്റെയും ഭാഗമായി മുഴുവന്‍ ബസുകളിലും ജി പി എസ് മോണിറ്ററിംഗ് സംവിധാനം, പ്രാഥമിക ശുശ്രൂഷ കിറ്റ് തുടങ്ങിയവ ഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് ബസ് നടത്തിപ്പുകാരും സ്‌കൂള്‍ അധികൃതരും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായിട്ടില്ല.