ചെങ്ങണാംകുന്നില്‍ നിര്‍മിക്കുന്ന തടയണ എം എല്‍ എമാര്‍ സന്ദര്‍ശിച്ചു

Posted on: April 2, 2015 10:21 am | Last updated: April 2, 2015 at 10:21 am

കൊപ്പം: ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭാരതപ്പുഴയില്‍ പുതിയതായി നിര്‍മിക്കുന്ന ചെങ്ങണാംകുന്ന് തടയണ പ്രദേശം സി പി മുഹമ്മദ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് സംഘം പ്രദേശം സന്ദര്‍ശിക്കാനെത്തിയത്. ഓങ്ങല്ലൂര്‍, വല്ലപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ചെങ്ങണാംകുന്ന് തടയണ.
ഭാരതപ്പുഴയില്‍ 300 മീറ്റര്‍ നീളത്തില്‍ റെഗുലേറ്റര്‍ പണിയാനാണ് ലക്ഷ്യം. വരള്‍ച്ച കൊണ്ട് കാര്‍ഷിക മേഖല ഉള്‍പ്പെടെ തളരുമ്പോള്‍ ചെങ്ങണാംകുന്ന് തടയണ ആശ്വാസമാകുന്നാണ് കരുതുന്നത്. തടയണയുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെയും ജനപ്രതിനിധി സംഘത്തിന്റെയും സന്ദര്‍ശനം.
വെള്ളിയാങ്കല്ല് കം റെഗുലേറ്റര്‍ നിര്‍മാണം നടത്തിയ കൊല്ലത്തുള്ള ഇബ്രാബിംകുട്ടിയാണ് ചെങ്ങണാംകുന്ന് തടയണയും പണിയുന്നതിന് ഏറ്റെടുത്തിരിക്കുന്നത്. 18 മാസങ്ങള്‍ക്കകം റെഗുലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചനയെന്ന് സി പി മുഹമ്മദ് എം എല്‍ എ അറിയിച്ചു. ചേലക്കര എം എല്‍ എ കെ രാധാകൃഷ്ണന്‍, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത, വൈസ് പ്രസിഡന്റ് ഹസ്സന്‍കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വി കെ ഇമ്പിച്ചി അഹമ്മദ് എന്നിവരും എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.