തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഓട പൊട്ടി മലിനജലം നിറഞ്ഞു; ദുരിതം പേറി യാത്രക്കാര്‍

Posted on: April 2, 2015 10:04 am | Last updated: April 2, 2015 at 10:04 am

തിരൂര്‍: മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ അഴുക്ക് ചാല്‍ പൊട്ടി മലിന ജലം നിറഞ്ഞു. ടൗണിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഉള്‍പ്പടെയുള്ള മാലിന്യം ഒഴുക്കി വിടുന്ന ഓടയാണ് കഴിഞ്ഞ ദിവസം നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് റോഡിലൂടെ ഒഴുകിയത്.
ബസ്റ്റാന്റിന് പിന്‍വശത്ത് കൂടി കാനാത്ത് ഭാഗത്തേക്ക് കടന്ന് പോകുന്ന ഓടയാണ് ഒഴുക്ക് നഷ്ടപ്പെട്ട് മലിന ജലം നിറഞ്ഞ് പൊട്ടിയത്. ഓടയിലൂടെ പോകുന്ന മലിനീകരണം കാനാത്ത് നിന്നും പുഴയിലേക്ക് പുറം തള്ളുകയാണ് നഗരസഭ ചെയ്തിരുന്നത്. എന്നാല്‍ മലിന ജലം നിറഞ്ഞ് കാനാത്ത് നിവാസികളുടെ ദൈനം ദിന ജീവിതം ദുസഹമായതോടെ നാട്ടുകാര്‍ ഇടപെട്ട് മൂന്ന് ഇടങ്ങളിലായി പുഴയിലേക്ക് പുറം തള്ളുന്ന ഓട അടക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി പ്രദേശവാസികള്‍ യോഗം കൂടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരൂരിലെ പരിപാടി മാറ്റിയതിനെ തുടര്‍ന്ന് ഇത് നടക്കാതെ വരികയായിരുന്നു.
നഗരസഭാ അധികൃതരുമായി നിരവധി തവണ ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഓട തടയുകയായിരുന്നു. ഇതോടെ ബസ്റ്റാന്‍ഡിലും പരിസരത്തുമായി വിവിധ ഇടങ്ങളില്‍ മലിന ജലം നിറഞ്ഞിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ മൂക്ക് പൊത്തി റോഡ് മുറിച്ചു കടക്കേണ്ടി വരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന തിരൂര്‍ ബസ്റ്റാന്റില്‍ വന്നു ചേരുന്ന യാത്രക്കാര്‍ക്കും പരിസരങ്ങളിലെ കച്ചവടക്കാര്‍ക്കും ദുരിതം പേറേണ്ട അവസ്ഥയാണിപ്പോള്‍.