പി സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം ഈസ്റ്ററിന് ശേഷം

Posted on: April 2, 2015 5:59 am | Last updated: April 2, 2015 at 1:21 am

തിരുവനന്തപുരം;വിദേശയാത്രകഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് മടങ്ങിയെത്തും. എന്നാല്‍, ചീഫ്‌വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ നീക്കണമെന്ന ആവശ്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകില്ല. ഈസ്റ്ററിന് ശേഷം അന്തിമതീരുമാനം എടുക്കാമെന്ന് കെ എം മാണിയെയും പി സി ജോര്‍ജിനെയും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് തീരുമാനമെടുക്കണമെന്നാണ് കെ എം മാണി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥന മാനിച്ച് ഒരു ദിവസം കൂടി കാത്തിരിക്കാന്‍ വിരോധമില്ലെന്ന് മാണി പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാല്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ഇന്ന് വീണ്ടും ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കും. തിങ്കളാഴ്ചക്കുള്ളില്‍ ജോര്‍ജിനെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പെങ്കിലും, ഇക്കാര്യത്തില്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ ഉറപ്പൊന്നും നല്‍കുന്നില്ല. ഒന്‍പതിന് ചേരുന്ന യു ഡി എഫ് യോഗം വരെ നടപടി നീട്ടാനും നീക്കമുണ്ട്. ഇതിനിടയില്‍ ജോര്‍ജിനെയും മാണിയെയും അനുനയിപ്പിക്കാമെന്നാണ് ധാരണ. ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാടില്‍ തന്നെയാണ് മാണി.
കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ ഒതുക്കാന്‍ കെ എം മാണി ശ്രമിക്കുകയാണെന്ന് കഴിഞ്ഞ യു ഡി എഫ് യോഗത്തില്‍ ജോര്‍ജ് പരാതിപ്പെട്ടിരുന്നു. മാണിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്ന് യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. ചീഫ്‌വിപ്പ് പദവിയില്‍ നിന്നും യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും ജോര്‍ജിനെ നീക്കണമെന്നാണ് മാണി ആവശ്യപ്പെട്ടിരിക്കുന്നത്.