Connect with us

Editorial

മദ്യനയത്തിന് പച്ചക്കൊടി

Published

|

Last Updated

സമാധാന ജീവിതവും സൈ്വരമായ അന്തരീക്ഷവും ആഗ്രഹിക്കുന്ന കേരളീയ ജനതക്ക് ആശ്വാസം പകരുന്നതാണ് ബാര്‍ ലൈസന്‍സ് സംബന്ധിച്ച ഹൈക്കോടതി വിധി. പുതിയ മദ്യനയത്തിന്റെ ഭാഗമായി, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കോടതി, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയിട്ടുമുണ്ട്. പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു ജനനന്മക്കു പ്രാമുഖ്യം നല്‍കി തയാറാക്കിയ സമഗ്രമായ വിധി പ്രസ്താവമാണ് ഹൈക്കോടതിയുടേത്. ബാര്‍ ജീവനക്കാരുടെ തൊഴില്‍ പ്രശ്‌നം, സര്‍ക്കാറിന്റെ വരുമാനത്തില്‍ സംഭവിക്കുന്ന കുറവ് തുടങ്ങി മദ്യനിരോധം നിരവധി “പ്രശ്‌നങ്ങള്‍” ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഒരു നയം രൂപവത്കരിക്കുമ്പോള്‍ ഇതിലെല്ലാമുപരി പൊതുജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് മദ്യലോബിയെ കോടതി ഓര്‍മപ്പെടുത്തുന്നു. മദ്യം ടൂറിസത്തിന്റെ അനിവാര്യ ഘടകമാണെന്നും നിരോധം ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബാര്‍ ഉടമകളുടെ വാദത്തോട് രൂക്ഷമായി ഭാഷയിലാണ് കോടതി പ്രതികരിച്ചത്. ടൂറിസത്തിന്റെ വളച്ചക്ക് കൊക്കൈന്‍ വിതരണം ചെയ്യണമെന്ന് ആരെങ്കിലും വാദിച്ചാല്‍ എന്തു ചെയ്യുമെന്നു ചോദിച്ച കോടതി സര്‍ക്കാറിനുണ്ടാകുന്ന നഷ്ടത്തില്‍ ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന വാദം നിരര്‍ഥകമാണെന്നും നിരീക്ഷിച്ചു. ടൂറിസം വികസനത്തിന് മദ്യഉപഭോഗം വ്യാപകമാക്കുമ്പോള്‍ നശിക്കുന്നത് ഒരു ജനസമൂഹമാണ്. ജനനന്മക്കായുള്ള നിയന്ത്രണങ്ങളെ തടയുന്നത് ശരിയല്ല. മദ്യപാനത്തിനുള്ള അവകാശം മൗലികാവകാശമല്ലെന്നും ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, ബാബു മാത്യു പി ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.
കോടതി വിധി യു ഡി എഫിന്റെ മദ്യനയത്തിനുള്ള പച്ചക്കൊടിയും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വിജയവുമെന്നതിലുപരി ഇതുസംബന്ധമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കൈക്കൊണ്ട ധീരമായ നിലപാടിനുള്ള അംഗീകാരമായി വേണം വിലയിരുത്താന്‍. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൈക്കൊണ്ട ഈ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം അട്ടിമറിക്കാനും പൂട്ടിയ ബാറുകളില്‍ നിലവാരം ഉയര്‍ത്തിയവക്ക് ലൈസന്‍സ് നല്‍കാനുമുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായിരുന്നു. പൂട്ടിയതൊന്നും തുറക്കരുതെന്ന സുധീരന്റെ ശക്തമായ നിലപാട് മൂലമാണ് അത് നടക്കാതെ പോയത്. സര്‍ക്കാറിനെ നിയന്ത്രിക്കുന്നത് മദ്യലോബിയാണെന്ന സുധീരന്റെ പരസ്യവിമര്‍ശവും ഇവ്വിഷയകമായി അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയും സര്‍ക്കാറിനെ വെട്ടിലാക്കി. ഇതിനെ പ്രതിരോധിക്കാനും മറികടക്കാനുമാണ് നാടകീയ നീക്കത്തിലൂടെ ഫൈവ് സ്റ്റാറുകളല്ലാത്തവയെല്ലാം പൂട്ടുക എന്ന പ്രഖ്യാപനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. ചുരുക്കം ചിലരൊഴിച്ചു മുന്നണി നേതൃത്വത്തില്‍ ആരും ആഗ്രഹിക്കാത്ത ഒരു തീരുമാനമായിരുന്നു അത്.
മദ്യനയത്തിന്റെ ക്രെഡിറ്റ് ആര്‍ക്കായാലും കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് മദ്യനിരോധം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളാണ് ഇനി സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്. കോടതി വിധിയെ തുടര്‍ന്നു ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെരിറ്റേജ് ബാറുകള്‍ അടച്ചുപൂട്ടിയെങ്കിലും ഫൈവ് സ്റ്റാര്‍ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലും വിളമ്പുന്നത് മദ്യമാണ്. നേരത്തെ സുപ്രീം കോടി ചോദിച്ചതുപോലെ സമ്പൂര്‍ണ മദ്യനിരോധനം ആണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് എന്തിന് അനുമതി നല്‍കണം? ഇവ കൂടി അടച്ചുപൂട്ടിയെങ്കില്‍ മാത്രമേ ഭരണ ഘടന അനുശാസിക്കുന്നതും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയവുമായ സമ്പൂര്‍ണ മദ്യനിരോധം യാഥാര്‍ഥ്യമാകുകയുള്ളു. ഒരു നിര്‍ണായ ഘട്ടത്തില്‍ യു ഡി എഫ് അങ്ങനെ പ്രഖ്യാപിച്ചെങ്കിലും വിയോജിപ്പുള്ളവര്‍ മുന്നണിക്കകത്ത് ഇപ്പോഴുമുണ്ട്. മദ്യനയത്തില്‍ ഇടക്കാലത്ത് “പ്രായോഗിക മാറ്റം” പ്രഖ്യാപിച്ചത് ഇവരുടെ സമ്മര്‍ദ ഫലമായിരുന്നു. ബാര്‍ കോഴ ആരോപണവും ഡമോക്ലസിന്റെ വാള്‍ പോലെ സര്‍ക്കാറിന്റെ തലക്ക് മീതെ തൂങ്ങിക്കിടപ്പുണ്ട്. ആദ്യത്തില്‍ ബിജു രമേശിന്റെ ആരോപണത്തെ പിന്തുണച്ച ബാര്‍ അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍ പിന്നീട് അദ്ദേഹത്തെ കൈവിട്ടത് ഹൈക്കോടതി വിധി തങ്ങള്‍ക്കനുകൂലമാകുമെന്നും പൂട്ടിയ ബാറുകള്‍ക്ക് അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു. വിധി എതിരായ സാഹചര്യത്തില്‍ അവര്‍ ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നത് ഭരണ തലത്തില്‍ പലരെയും ആശങ്കാകുലരാക്കുന്നുണ്ടാകണം. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചു കേരളത്തെ മദ്യമുക്ത സംസ്ഥാനമാക്കാനുള്ള ഇച്ഛാശക്തിയും തന്റേടവുമാണ് ജനം യു ഡി എഫില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

Latest