കരാറുകാരുടെ സമരം; നിര്‍മാണ മേഖല സ്തംഭനത്തില്‍

Posted on: April 2, 2015 5:18 am | Last updated: April 2, 2015 at 12:19 am

തിരുവനന്തപുരം: കുടിശ്ശികയടക്കമുള്ള വിഷയങ്ങളിലെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ കരാറുകാര്‍ സമരം ശക്തമാക്കിയതോടെ സംസ്ഥാനത്ത് കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. 10 ദിവസമായി തിരുവനന്തപുരം പബ്ലിക് ഓഫിസിനു മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരമാണ് ഇന്നലെയോടെ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ഇതോടെ സംസ്ഥാനത്ത് 1000 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലക്കും.
തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുക, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ കരാര്‍ മേഖലയ്ക്കായി വകയിരുത്തിയ 1000 കോടി അടിയന്തരമായി അനുവദിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരാര്‍ തൊഴിലാളികള്‍ സമരം നടത്തിവരുന്നത്. 3000 കോടി രൂപയാണ് സംസ്ഥാനമൊട്ടാകെ കരാറുകാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.