ദമസ്‌കസിലെ ഫലസ്ഥിന്‍ അഭയാര്‍ഥി ക്യാമ്പ് ഇസില്‍ ഭീകരര്‍ പിടിച്ചെടുത്തു

Posted on: April 1, 2015 8:28 pm | Last updated: April 2, 2015 at 12:00 am

palastin refugees
ദമസ്‌കസ്: ദമസ്‌കസിലെ യര്‍മൂക് ജില്ലയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം ഇസില്‍ ഭീകരര്‍ പിടിച്ചെടുത്തു. 18,000 ഫലസ്തീനികള്‍ ഇൗ ക്യാമ്പില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു മുതിര്‍ന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യര്‍മൂകിന് നേരെ ഇന്നലെ രാവിലെയാണ് ഇസില്‍ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ഇവിടെയുള്ള ഭൂരിഭാഗം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളുടെയും നിയന്ത്രണം ഇവര്‍ ഏറ്റെടുത്തതായും ദമസ്‌കസിലെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ രാഷ്ട്രീയ കാര്യ ഡയറക്ടര്‍ അന്‍വര്‍ അബ്ദുല്‍ ഹാദി ചൂണ്ടിക്കാട്ടി.

ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘടന ഇക്കാര്യം് സ്ഥിരീകിരിച്ചിട്ടുണ്ട്. ഫലസ്തീന്‍ സംഘങ്ങളുമായി ഏറ്റുമുട്ടല്‍ നടത്തിയതിന് ശേഷം വലിയൊരു ഭാഗം ഇസില്‍ പിടിച്ചടക്കിയതായി ഇവര്‍ പറഞ്ഞു. ഒന്നര ലക്ഷത്തിലധികം ഫലസ്തീനികള്‍ ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്നു മുമ്പ് യര്‍മൂക്. ഫലസ്തീന്‍ അഭയാര്‍ഥികളുടെ തലസ്ഥാനമെന്നാണ് ഈ ജില്ല മുമ്പ് അറിയപ്പെട്ടിരുന്നത്.