അനധികൃത ടാക്‌സികള്‍ക്കെതിരെ അബുദാബിയില്‍ നടപടി കര്‍ശനം

Posted on: April 1, 2015 8:23 pm | Last updated: April 1, 2015 at 8:23 pm

police abudabiഅബുദാബി: സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്.
അനധികൃത ടാക്‌സികള്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് ദുബൈയില്‍ ആര്‍ ടി എ യും ഷാര്‍ജയില്‍ ട്രാഫിക് വിഭാഗവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തലസ്ഥാന നഗരിയായ അബുദാബിയിലും പോലീസ് രംഗത്തെത്തിയത്. യാത്രക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയാകുന്ന നിരവധി അപകടങ്ങള്‍ അനധികൃത ടാക്‌സി സര്‍വീസുകള്‍ക്കു പിന്നിലുണ്ടെന്നതിനാലാണ് ഇതിനെതിരെ അധികൃതര്‍ രാജ്യവ്യാപകമായി നടപടി കര്‍ശനമാക്കുന്നത്.
അല്‍ ഐനില്‍ കഴിഞ്ഞ വര്‍ഷം അനധികൃതമായി യാത്രക്കാരെ കൊണ്ടുപോയ 1,134 വാഹനങ്ങള്‍ പിടികൂടിയതായി കേണല്‍ ത്വാരിഖ് അല്‍ ഗൂല്‍ അറിയിച്ചു. ഇതില്‍ ഏറിയപങ്കും ഏഷ്യന്‍ വംശജരാണ്. പിടികൂടപ്പെട്ട വാഹനങ്ങളില്‍ പലതും നിയമാനുസൃതം ഇന്‍ഷ്വറന്‍സ് ഇല്ലാത്തവയായിരുന്നെന്ന് അല്‍ ഗൂല്‍ വ്യക്തമാക്കി. ഇതിനു പുറമെ വാഹനങ്ങളും യാത്രക്കാരെ കൊണ്ടുപോകാനാവശ്യമായ സുരക്ഷാ മാദണ്ഡങ്ങള്‍ പാലിക്കാത്തവയുമാണ്.
അനധികൃത ടാക്‌സികളെ നിരീക്ഷിക്കാന്‍ പോലീസിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തിന്റെ കീഴില്‍ പ്രത്യേക സംഘത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരെന്ന വ്യാജേന നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടാണ് പലപ്പോഴും ഇത്തരം സംഘങ്ങള്‍ നിയമലംഘകരെ പിടികൂടുന്നത്. വാഹനത്തില്‍ കയറി ലക്ഷ്യസ്ഥാനവും പറഞ്ഞ് കൂലിയുമുറപ്പിച്ച് യാത്ര തുടങ്ങിയ ശേഷമാകും ‘യാത്രക്കാര’ന്റെ തനിനിറം ഡ്രൈവര്‍ അറിയുക.
സ്വകാര്യ ടാക്‌സി സര്‍വീസുകളുടെ പേരില്‍ രാജ്യത്തിന്റെ പലയിടങ്ങളിലും നടന്ന പിടിച്ചുപറിയും മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളുമാണ് അധികൃതരെ ഇവര്‍ക്കെതിരെ നടപടി കനപ്പിക്കാന്‍ പ്രേരിപ്പിച്ചത്. സമൂഹ സുരക്ഷക്കും യാത്രക്കാരുടെ ജീവനുവരെ പലപ്പോഴും ഭീഷണിയാകുന്ന ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നും ഔദ്യോഗിക പൊതുജന യാത്രാ സൗകര്യങ്ങളെ മാത്രമേ സമീപിക്കാവൂ എന്നും അബുദാബി പോലീസ് പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.