ഷാര്‍ജ പോലീസ് ‘റിയല്‍ പോലീസ്മാന്‍’ കാമ്പയിന്‍ ആരംഭിച്ചു

Posted on: April 1, 2015 8:13 pm | Last updated: April 1, 2015 at 8:13 pm

ഷാര്‍ജ: വ്യവസായ മേഖലയിലെ തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ പോലീസ് ‘ഈസ് ഇറ്റ് റിയല്‍ പോലീസ്മാന്‍’ കാമ്പയിന്‍ ആരംഭിച്ചു. പോലീസ് ചമഞ്ഞ് കവര്‍ച്ച നടത്തുന്നവരെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ‘ഇത് യഥാര്‍ഥ പോലീസാണോ’യെന്ന സന്ദേശം ഉയര്‍ത്തി കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.
2014ല്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഷാര്‍ജ പോലീസിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പോലീസ് സ്‌റ്റേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഉമര്‍ അബ്ദുല്ല അല്‍ സുവൈദി വ്യക്തമാക്കി. ഇത്തരത്തില്‍ ആള്‍മാറാട്ടം നടത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ബഹുഭൂരിപക്ഷവും ഏഷ്യന്‍ വംശജരായിരുന്നു.
തടവിലാക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇരകളില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുന്നത്. ഇത്തരം കുറ്റവാളികളുടെ ആവശ്യങ്ങള്‍ പൊതുജനം അംഗീകരിച്ച് കൊടുക്കരുത്. യഥാര്‍ഥ പോലീസ് ഭീഷണിയുടെ സ്വരവുമായി പൊതുസ്ഥലത്ത് രംഗപ്രവേശനം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.