സോണിയക്കെതിരായ വംശീയ പരാമര്‍ശം: മന്ത്രി ഗിരിരാജ് സിംഗ് മാപ്പ് പറഞ്ഞു

Posted on: April 1, 2015 3:45 pm | Last updated: April 2, 2015 at 12:00 am

girirajsigh-

ന്യൂഡല്‍ഹി: സോണിയയുടെ വെളുത്ത നിറം കണ്ടാണ് അവരെ കോണ്‍ഗ്രസ് അധ്യക്ഷയാക്കിയതെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് മാപ്പ് പറഞ്ഞു. തന്റെ പ്രസ്താവന സോണിയയേയോ രാഹുലിനേയൊ വ്രണപ്പെടുത്തിയെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഹാജിപൂരില്‍ നടന്ന ബി ജെ പി പരിപാടിക്കിടെയാണ് സോണിയക്കെതിരെ ഗിരിരാജ് സിംഗ് വിവാദ പരാമര്‍ശം നടത്തിയത്. രാജീവ് ഗാന്ധി വിവാഹം കഴിച്ചത് വെളുത്ത നിറമില്ലാത്ത നൈജീരിയക്കാരിയെ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ നേതാവായി അംഗീകരിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഈ പ്രസംഗത്തില്‍ രാഹുലിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. എവിടെപ്പോയെന്നു പോലും ഇനിയും കണ്ടെത്താനാകാത്ത മലേഷ്യന്‍ എയല്‍ലൈന്‍സ് വിമാനത്തിന്റെ അവസ്ഥ പോലെയാണ് രാഹുലിന്റേത് എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഇടതുനേതാക്കളും രംഗത്തെത്തി. ബിജെപിയുടെ യഥാര്‍ത്ഥ മാനസികാവസ്ഥയാണ് ഗിരിരാജിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗിരിരാജിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. വംശീയമായ പരാമര്‍ശമാണ് മന്ത്രി നടത്തിയതെന്ന് സി പി എം നേതാവ് വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയെ അംഗീകരിക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.