Connect with us

Malappuram

ഹോമിയോ ഡിസ്‌പെന്‍സറി ആരംഭിക്കുന്നതില്‍ വീഴ്ച; മമ്പാട് പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തിലെ മേപ്പാടത്ത് ഹോമിയോ ഡിസ്‌പെന്‍സറി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ വീഴച വരുത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി നാരായണപിള്ളയെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജി ആഞ്ചലോസ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മേപ്പാടത്ത് ഹോമിയോ ഡിസ്‌പെന്‍സറി സ്ഥാപിക്കാന്‍ 2010-ല്‍ അന്നത്തെ യു ഡി എഫ് ഭരണ സമിതി തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചില്ല.
എന്നാല്‍ പിന്നീടു വന്ന എല്‍ ഡി എഫ് ഭരണസമിതി മേപ്പാടത്തെ ഹോമിയോ ഡിസ്‌പെന്‍സറി കാട്ടുമുണ്ടയില്‍ സ്ഥാപിക്കുന്നതിന് തീരുമാനം കൈകൈാള്ളുകയായിരുന്നു. എന്നാല്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുല്‍ കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടുമുണ്ടയില്‍ ഹോമിയോ സ്ഥാപിക്കുന്നതിനുള്ള ഭരണസമിതി തീരുമാനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ റദ്ദാക്കുകയും ചെയ്തു. എല്‍ ഡി എഫ് ഭരണസമിതിയുടെ തീരുമാനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്റ്റേ ചെയ്തുവെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് മാലപ്ര ചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
അബ്ദുല്‍ കരീമും കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി തീരുമാനമെടുക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പ് ട്രിബ്യൂണല്‍ കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. വിശദമായ വാദം കേട്ട കോടതി 2010-ലെ ഭരണസമിതിയുടെ തീരുമാനം നടപ്പിലാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ മേപ്പാടത്ത് തന്നെ ഹോമിയോ ഡിസ്‌പെന്‍സറി സ്ഥാപിക്കാന്‍ കഴിഞ്ഞ ജനുവരി ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഹോമിയോ ഡിസ്‌പെന്‍സറി കാട്ടുമുണ്ടയിലേക്ക് മാറ്റാനുള്ള തീരുമാനം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തുകയായിരുന്നു.

Latest