കോര്‍പറേറ്റുകളുടെ സംഭാവനകള്‍

Posted on: April 1, 2015 6:00 am | Last updated: March 31, 2015 at 11:54 pm

SIRAJ.......തിരഞ്ഞെടുപ്പുകളില്‍ കോര്‍പറേറ്റുകളുടെയും അതിസമ്പന്നരുടെയും സാമ്പത്തിക സഹായം നിരോധിക്കാനുള്ള നീക്തത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധമായി തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ രാജ്യത്തെ മിക്ക രാഷ്ട്രീയ കക്ഷികളും അനുകൂല നിലപാട് സ്വീകരിച്ചുവെന്നന്ന് കേള്‍ക്കാന്‍ സുഖമുള്ള വാര്‍ത്തയാണ്. തിരഞ്ഞെടുപ്പ് രംഗത്തെ പണത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനുള്ള ശിപാര്‍ശകള്‍ തയാറാക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് യോഗം വിളിച്ചത്.
നിലവില്‍ മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ ഏറിയ പങ്കും കോര്‍പറേറ്റുകളില്‍ നിന്നും അതിസമ്പന്നരില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ്. ഇത് 90 ശതമാനത്തോളം വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ സമര്‍പ്പിച്ച 2013-14 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ ഡിസംബറില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസിന് ലഭിച്ചതാണ് ഈ കണക്കുകള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയിലേറെ സംഭാവന നല്‍കുന്നവരുടെ പേരുവിവരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരെയും സാധാരണക്കാരെയും കേന്ദ്രീകരിച്ചു നടത്തുന്ന പിരിവുകളായിരുന്നു മുന്‍ കാലങ്ങളില്‍ പാര്‍ട്ടികളുടെ ഫണ്ടുകളുടെ സിംഹഭാഗവും. ഇന്നിപ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ സ്ഥാപന വത്കരിക്കപ്പെടുകയും കമ്പനി സ്വഭാവത്തിലേക്ക് വളരുകയും ചെയ്തു. സാധാരണക്കാരന്റെയും വിയര്‍പ്പൊഴുക്കുന്നവന്റെയും പ്രസ്ഥാനങ്ങളെന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും ശതകോടികളുടെ ആസ്തികളാണുള്ളത്. പതിവു പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ കോടികളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവിടുന്നത്. ചെലവു കുറഞ്ഞ പ്രചാരണ പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ സംഘടിപ്പിച്ചിരുന്നതെങ്കില്‍ സാങ്കേതിക മേഖല ഏറെ വളര്‍ന്നു വികസിച്ച ഈ ആധുനിക കാലഘട്ടത്തില്‍, നൂതന സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ചെലവേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മുഖ്യ കക്ഷികളെല്ലാം നടത്തി വരുന്നത്. നേതാക്കളുടെ യാത്രക്ക് സാധാരണ വാഹനങ്ങള്‍ക്കും പകരം ഹെലികോപ്റ്ററുകളെയും ആശ്രയിച്ചു തുടങ്ങി. ശതകോടികളാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാരിവിതറുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിക്കും രണ്ടും മൂന്നും കോടികളായിരുന്നു ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതൃത്വങ്ങള്‍ നല്‍കിയത്. ഔദ്യോഗിക കണക്കനുസരിച്ചു മാത്രം അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്ക് 1000 കോടി രൂപയുടെ വീതം പരസ്യങ്ങളാണ് ഇരുകക്ഷികളും നല്‍കിയത്. ഈയിനത്തില്‍ മൊത്തം പാര്‍ട്ടികളുടെ ചെലവ് 3000 കോടി രൂപയെങ്കിലും വരും. ഇതാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് കോര്‍പറേറ്റുകളെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരരുന്നതിന്റെ സാഹചര്യം.
പാര്‍ട്ടി നേതൃത്വങ്ങള്‍ കുത്തക മുതലാളിമാരുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്നുവെന്നതാണിതിന്റെ അനന്തര ഫലം. രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള കൂറ് കൊണ്ടോ, നേതാക്കളോടുള്ള ആദരവ് കൊണ്ടോ അല്ല കോര്‍പറേറ്റ് ഭീമന്മാര്‍ കോടികള്‍ സംഭാവന നല്‍കുന്നത്. ഭരണത്തിലേറുന്ന പാര്‍ട്ടികള്‍ പ്രത്യുപകാരം ചെയ്യുമെന്നും അതുവഴി തങ്ങള്‍ നല്‍കിയതിന്റെ പതിന്മടങ്ങ് തിരിച്ചു പിടിക്കാമെന്നുമുള്ള വിശ്വാസത്തിലാണ്. ഭൂമി ഏറ്റെടുക്കല്‍ നിമയത്തിലെ ഭേദഗതി, ഈ വര്‍ഷത്തെ ബജറ്റില്‍ കുത്തകകള്‍ക്കുള്ള നികുതികളില്‍ അനുവദിച്ച വന്‍തോതിലുള്ള ഇളവുകള്‍ തുടങ്ങിയ നടപടികള്‍ ഈ ഗണത്തില്‍ ബി ജെ പി സര്‍ക്കാര്‍ നല്‍കുന്ന പ്രത്യുപകാരങ്ങളുടെ ആദ്യപടിയായി വേണം കാണാന്‍. മന്‍മോഹന്‍ സിംഗ് ഭരണത്തില്‍ കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ചത് 27 ലക്ഷം കോടിയുടെ ഇളവുകളും ആനുകൂല്യങ്ങളുമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടു കൊടുത്തതും വന്‍കിടക്കാരുടെ നികുതി കുടിശ്ശിക എഴുതിത്തള്ളിയതും ഇതിന്റെ ഭാഗമായിരുന്നു.
എന്നാല്‍ കോര്‍പറേറ്റുകളുടെ സംഭാവനക്ക് നിരോധമേര്‍പ്പെടുത്തിയത് കൊണ്ട് ഇതിനൊക്കെ അറുതി വരുമോ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ആവിഷ്‌കരിക്കുന്ന നിയമങ്ങളില്‍ ഏറെയും ഒരു പാര്‍ട്ടിയും അനുസരിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവഴിക്കാകുന്ന പണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിധി നിര്‍ണയിച്ചിട്ടുണ്ട്. ഏത് കക്ഷിയാണ് ആ പരിധിക്കുള്ളില്‍ ചെലവുകള്‍ ക്രമീകരിക്കുന്നത്? കോര്‍പറേറ്റ് സംഭാവനാ നിരോധ നിയമത്തിന് മറിച്ചൊരനുഭവം പ്രതീക്ഷിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ധൂര്‍ത്ത് ഒഴിവാക്കി, ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ അവലംബിക്കാനുള്ള ഉറച്ച തീരുമാനം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എടുക്കാത്ത കാലത്തോളം കുത്തകളെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പ് ലക്ഷ്യത്തിലെത്തിക്കാന്‍ ഒരു പാര്‍ട്ടിക്കുമാകില്ല. രാഷ്ട്രീയക്കാര്‍ക്ക് ലംഘിക്കാന്‍ ഒരു നിയമം കൂടി എന്നതിലപ്പുറം രാഷ്ട്രീയ രംഗത്ത് ആശാവഹമായ മാറ്റം ഇതുവഴി പ്രതീക്ഷിക്കുന്നത് നിരാശക്കിടവരുത്തും.