കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി

Posted on: April 1, 2015 5:43 am | Last updated: March 31, 2015 at 11:43 pm

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ മാണി-ജോര്‍ജ് തര്‍ക്കം തുടരുന്ന പാശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പാര്‍ട്ടി ചെയര്‍മാനായിരുന്ന ടി എസ് ജോണിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ പഴയ ആസ്ഥാനത്ത് ചേര്‍ന്നു. പാര്‍ട്ടി മുന്‍ നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജിന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 20 പേരാണ് പങ്കെടുത്തത്. പാര്‍ട്ടി ചെയര്‍മാനായിരുന്ന ടി എസ് ജോണിന്റെ നേതൃത്വത്തില്‍ ആദ്യം എം എല്‍ എ ഹോസ്റ്റലില്‍ നടന്ന കൂടിക്കാഴ്ച നിയമസഭാ സെക്രട്ടറി വിലക്കിയതിനെ തുടര്‍ന്നാണ് പഴയ ആസ്ഥാനത്തേക്ക് യോഗം മാറ്റിയത്. പാര്‍ട്ടിയിലെയും മുന്നണിയിലേയും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ സെക്യുലര്‍ കടുത്ത നിലപാടിലേക്ക് തന്നെ നീങ്ങാന്‍ യോഗം തീരുമാനിച്ചു. ചീഫ്‌വിപ്പ് പി സി ജോര്‍ജിനോട് കേരള കോണ്‍ഗ്രസ്-എം നീതി കാണിച്ചില്ലെന്നും യോഗം വിലയിരുത്തി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റാന്‍ പാര്‍ട്ടി എടുത്ത തീരുമാനത്തിന് നിയമസാധുതയില്ല. ഒത്തുതീര്‍പ്പിന് ഇനിയും സമയം വൈകിയിട്ടിയില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പഴയ കേരള കോണ്‍ഗ്രസ്-സെക്കുലര്‍ വിഭാഗം നേതാക്കളുടെ യോഗത്തിന് ശേഷം പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ടി എസ് ജോണാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ജിനെ ചീഫ്‌വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ജോണിനെ യോഗം ചുമതലപ്പെടുത്തി. മാണി രാജിവെച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇന്ന് ചേര്‍ന്ന യോഗം പാര്‍ട്ടി വിരുദ്ധമല്ലെന്നും ടി എസ് ജോണ്‍ വ്യപറഞ്ഞു.

പിളര്‍പ്പിലേക്ക് പോകരുതെന്നും, എന്നാല്‍ നേതാക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഒരു ബോംബും കരുതിവച്ചിട്ടില്ലെന്നും ഇന്നലെ രാവിലെ പി സി ജോര്‍ജ് പറഞ്ഞിരുന്നു.