എസ് വൈ എസ് പച്ചക്കറി വിളവെടുപ്പും വിപണനവും

Posted on: March 26, 2015 10:12 am | Last updated: March 26, 2015 at 10:12 am
SHARE

കാളികാവ്: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിവരുന്ന പച്ചക്കറി തോട്ടം വിളവെടുപ്പും വിപണനവും സംഘടിപ്പിച്ചു. കുന്നുമ്മലിനും വെന്തോടന്‍പടിക്കും ഇടയില്‍ തരിശായികിടന്നിരുന്ന വയലില്‍ വിജയകരമായ നെല്‍കൃഷിക്ക് ശേഷമാണ് പച്ചക്കറി കൃഷി നടത്തിയത്. ‘വിഷമുക്തമായ ആഹാര സംസ്‌കാരം വളര്‍ത്തുക’ എന്ന എസ് വൈ എസ് കര്‍ഷക സംഘത്തിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് ജൈവ പച്ചക്കറിത്തോട്ടം നിര്‍മിച്ചത്.
എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകരായ അഞ്ചച്ചവിടി മൂച്ചിക്കലിലെ കളരിക്കല്‍ മുഹമ്മദാലി, എം കുഞ്ഞിമൊയിതീന്‍, ഉസ്മാന്‍, നിസാര്‍ തുടങ്ങിയവരാണ് സംഘകൃഷി നടത്തിയത്. വിവിധയിനം പയര്‍, വെണ്ട, ചീര, പടവലം, വെള്ളരി, മത്തന്‍, ചിരങ്ങ, കൈപ്പ, തുടങ്ങിയ പച്ചക്കറികളാണ് മുഹമ്മദാലിയും സംഘവും നടത്തുന്നത്. കാളികാവ് കൃഷി ഓഫീസര്‍ മുരളീധരന്റെ നിര്‍ദേശങ്ങളും പരിശീലനവും സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ വിളവു ലഭിച്ചതിന്റേയും സംഘടനക്ക് വേണ്ടി പൊന്ന് വിളയിച്ചതിന്റേയും ആത്മ സംതൃപ്തിയിലാണ് സംഘം. മര്‍ക്കസ് സമ്മേളനത്തിലും എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിലും മുഹമ്മദാലിയും സംഘവും നടത്തിയ കാളികാവിലെ നെല്‍കൃഷി പ്രശംസകള്‍ പിടിച്ച് പറ്റിയിരുന്നു.
പച്ചക്കറിത്തോട്ടത്തില്‍ നടന്ന വിളവെടുപ്പും വിപണനവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. കാളികാവ് കൃഷി ഓഫീസര്‍ മുരളീധരന്‍, എസ് വൈ എസ് നേതാക്കളായ ജമാല്‍ മാസ്റ്റര്‍ കരുളായി, യൂസഫ് സഅദി പൂങ്ങോട്, ബശീര്‍ മാസ്റ്റര്‍ ചെല്ലക്കൊടി, സമീപവാസിയായ മോയിക്കല്‍ മുഹമ്മദാലി, ഹരിദാസന്‍ പൂങ്ങോട് സംസാരിച്ചു.