മാളിയേക്കല്‍ പൂയിമ്മല്‍ കുടിവെള്ള പദ്ധതി വീണ്ടും വിവാദത്തില്‍

Posted on: March 26, 2015 10:06 am | Last updated: March 26, 2015 at 10:06 am
SHARE

കാളികാവ്: ഹാഡ പദ്ധതിയില്‍ നിര്‍മിക്കുന്ന മാളിയേക്കല്‍ ഉലക്കേന്‍കുന്നിലെ പൂയിമ്മല്‍ കുടിവെള്ള പദ്ധതി വീണ്ടും വിവാദത്തിലായി. കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ബി ഡി ഒ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്താണ് വിവാദത്തിലായിരിക്കുന്നത്.
പദ്ധതിയുടെ ഭാവി അറ്റകുറ്റ പ്രവൃത്തികളും സംരക്ഷണവും യൂസര്‍ ഗ്രൂപ്പ് നിര്‍വഹിക്കുന്നതാണെന്നും മേല്‍ സാഹചര്യത്തില്‍ പൂയിമ്മല്‍ കുടിവെള്ള പദ്ധതിയുടെ സുഗമമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി ഗ്രാമ പഞ്ചായത്തിന് കൈമാറുന്നു എന്നുമാണ് കാളികാവ് ബി ഡി ഒ ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. കുടിവെള്ള പദ്ധതിക്ക് വേണ്ടി രണ്ട് ടാങ്കുകള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊണ്ട് വന്ന് ഇറക്കിയിട്ടുണ്ട്. ഏതാനും സ്ഥലങ്ങളില്‍ പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്.
പൂയിമ്മല്‍ പ്രദേശത്തേക്കുള്‍പ്പടെയുള്ള ചില സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടില്ല. നൂറോളം കുടുംബങ്ങളുടെ പേരില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ കമ്മിറ്റി യോഗങ്ങള്‍ കൂടാറില്ലെന്നും പൂര്‍ത്തിയാകാത്ത പദ്ധതി പൂര്‍ത്തിയായതായി കാണിച്ച് നല്‍കിയ കത്തിനെതിരെ കമ്മറ്റി ചെയര്‍മാന്‍ സി ടി വിജയകുമാര്‍ ജില്ലാകലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. 30 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നിര്‍മിക്കുന്നത്. ഉപയോഗ ശൂന്യമായി കിടന്നിരുന്ന കുഴല്‍കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നാല് കുടുംബങ്ങള്‍ക്ക് പതിനഞ്ച് ദിവസം പോലും വെള്ളം കിട്ടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗ ശൂന്യമായ കുഴല്‍കിണറില്‍ നിന്ന് വെള്ളം കിട്ടില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരുന്നു.
മാസങ്ങള്‍ക്ക് ശേഷം സമീപത്തെ ചെന്നണപ്പുറം വയലില്‍ കിണര്‍ നിര്‍മിച്ച് തുടങ്ങിയിട്ടുണ്ട്. മറ്റു ഫണ്ട് ഉപയോഗിച്ചാണ് കിണര്‍ നിര്‍മിച്ചിട്ടുള്ളത്. മോട്ടോര്‍ സ്ഥാപിക്കുകയോ, പൈപ്പ് ലൈനുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയോ ചെയ്യാതെ പദ്ധതി പൂര്‍ത്തീകരിച്ചതായി നല്‍കിയ കത്ത് ഫണ്ട് തട്ടിപ്പ് നടത്താനാണെന്നാണ് പ്രധാന ആരോപണം. അതേസമയം വൈദ്യുതി കണക്ഷന്‍കിട്ടുന്നതിന് വേണ്ടിയാണ് കത്ത് നല്‍കിയതെന്നാണ് പറയപ്പെടുന്നത്.