Connect with us

Editorial

തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കണം

Published

|

Last Updated

ഗ്രാമീണ മേഖലകളിലെ അവിദഗ്ധ തൊഴിലാളികളുടെ തൊഴിലില്ലായ്മക്ക് പരിഹാരമായി ആവിഷ്‌കരിച്ചതാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി. തൊഴില്‍ പൗരന്റെ അവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ 2005 ല്‍ നടപ്പില്‍ വരുത്തിയ ഈ പദ്ധതി, തൊഴില്‍ ലഭ്യതയും വേതനവും കുറഞ്ഞ സംസ്ഥാനങ്ങളിലെ തൊഴില്‍ രഹിതര്‍ക്ക് വലിയ അനുഗ്രഹവുമാണ്. പ്രസ്തുത സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതുകൊണ്ട് നല്ല പ്രയോജനവുമുണ്ടായിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക മേഖലയിലും ആളോഹരി വരുമാനത്തിലും ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍ ഈ പദ്ധതി എത്രത്തോളം പ്രയോജനകരമാണ്? ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ തൊഴിലുറപ്പില്ലാത്ത സംസ്ഥാനമല്ല കേരളം. തൊഴിലില്ലായ്മയല്ല, തൊഴില്‍ ചെയ്യാനുള്ള മടിയും അലസതയുമാണ് കേരളത്തിന്റെ പ്രശ്‌നം. ഇക്കാരണത്താല്‍ തൊഴില്‍ മേഖലകളിലെല്ലാം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയാണിവിടെ. ഇതര സംസ്ഥാനക്കാരായ 12 ലക്ഷത്തിലധികം പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട് ഈ കൊച്ചു സംസ്ഥാനത്ത്. ഏതാണ്ട് 17,500 കോടി രൂപ പ്രതിവര്‍ഷം അവര്‍ക്ക് കൂലിയായി നല്‍കുകയും ചെയ്യുന്നു. തൊഴിലുറപ്പു പദ്ധതിയില്‍ ദിവസം 180 രൂപയാണ് കൂലിയെങ്കില്‍, മറ്റു തൊഴില്‍ മേഖലകളില്‍ 500 രൂപയാണ് കുറഞ്ഞ വേതനം. എന്നിട്ടും സംസ്ഥാനത്തെ നിര്‍മാണ മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നു. സ്ത്രീകള്‍ കൂടുതലായി പണിയെടുത്തിരുന്ന കശുവണ്ടി, നെയ്ത്ത്, തീപ്പെട്ടി മുതലായ പല ചെറുകിട വ്യവസായങ്ങളും തൊഴിലാളികളെ കിട്ടാത്തത് കാരണം പ്രതിസന്ധിയിലാണ്. കൃഷിക്ക് വയലൊരുക്കല്‍, നടീല്‍, കൊയ്ത്ത്, മെതി തുടങ്ങി കാര്‍ഷിക മേഖലയിലെ പണികള്‍ക്കും ആളുകളെ കിട്ടാനില്ല.
സംസ്ഥാനത്തെ 978 പഞ്ചായത്തുകളിലായി 16 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങല്ലേ എന്ന മറുചോദ്യം സ്വാഭാവികമാണ്. ഇവരൊക്കെ ജീവിക്കാന്‍ ഒരു തൊഴില്‍ എന്ന നിലയിലാണോ പദ്ധതിയില്‍ അംഗങ്ങളായത്? കായികാധ്വാനമില്ലാതെ കൂലി വാങ്ങാവുന്ന ഒരു ഏര്‍പ്പാട് എന്ന ചിന്തയിലാണ് ഭൂരിപക്ഷവും ഈ മേഖലയിലേക്ക് കടന്നുവന്നത്. ഓടകളും, കുളങ്ങളും, റോഡുകളും വൃത്തിയാക്കുക, കാടുകള്‍ വെട്ടിത്തെളിയിക്കുക, പുല്ലു പറിക്കുക തുടങ്ങി അനായാസ ജോലികള്‍ നന്നേ കുറഞ്ഞ സമയം ചെയ്താല്‍ മതിയെന്നതാണ് പലരെയും ഈ മേഖലയിലേക്കാകര്‍ഷിക്കുന്നത്. അല്‍പം അധ്വാനമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നാല്‍ പലരും ഈ രംഗത്തു നിന്ന് അപ്രത്യക്ഷരാകും. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ ഭാവിയില്‍ പെന്‍ഷന്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ വരുന്നവരുമുണ്ട്.
കേരളീയ സമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സമയക്രമമാണ് തൊഴിലുറപ്പ് പണിക്കാരുടേത്. ഒമ്പതു മണിക്ക് സ്ഥലത്തെത്തി, പത്ത് മണിക്ക് ജോലി തുടങ്ങി നാലോ അഞ്ചോ പേര്‍ ചേര്‍ന്നു “ഠ” വട്ടത്തിലെ പുല്ല് ചെത്തിക്കളഞ്ഞാല്‍ ഒരു ദിവസത്തെ പണി കഴിഞ്ഞു. വിശ്രമവും ചായകുടിയും ഉച്ചയൂണുമൊക്കെയായാണ് ബാക്കി സമയം തള്ളിനീക്കുന്നത്. അധ്വാനശീലമുള്ളവരേയും മടിയന്മാരാക്കുന്ന ഈ ശൈലി അപകടകരമായ പുതിയൊരു തൊഴില്‍ സംസ്‌കാരത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കും. തൊഴിലുറപ്പുകാരുടെ ശൈലിയിലും സമയക്രമത്തിലും മാത്രമേ തങ്ങളും ഇനി ജോലി ചെയ്യുകയുള്ളൂവെന്ന് മറ്റു മേഖലകളിലെ തൊഴിലാളികളും പറഞ്ഞുതുടങ്ങിയതായി വാര്‍ത്തയുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടേതല്ല അതിന്റെ നടത്തിപ്പിലെ അപാകതയാണ് ഇതിന് കാരണം. ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തി യാത്രാ സൗകര്യങ്ങള്‍ ഒരുക്കുക, കുടിവെള്ള സംരക്ഷണത്തിനും വരള്‍ച്ചാ ദുരിതാശ്വാസത്തിനും ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കുക, കൃഷിയോഗ്യമല്ലാത്ത തരിശുഭൂമികള്‍ വീണ്ടെടുത്തു കൃഷിയോഗ്യമാക്കുക തുടങ്ങി പ്രത്യുത്പാദന പരവും അടിസ്ഥാന വികസനത്തിന് ഉതകുന്നതുമായ പ്രവൃത്തികള്‍ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. നടത്തിപ്പിനെക്കുറിച്ചു വ്യാപകമായി പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതുമാണ്. എന്നിട്ടും പഴയപടി അത്ര പ്രാധാന്യമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇത്തവണയും സംസ്ഥാനത്ത് നടത്തിയത്. പദ്ധതി നടത്തിപ്പുകാര്‍ക്ക് രാഷ്ട്രീയവും വൈയക്തികവുമായ വിവിധ താത്പര്യങ്ങളുണ്ടാകും. നാടിന്റെ ആവശ്യങ്ങളേക്കാള്‍ അത്തരം താത്പര്യങ്ങള്‍ക്കാണ് പലപ്പോഴും പദ്ധതി നടത്തിപ്പില്‍ പ്രാമുഖ്യം നല്‍കപ്പെടുന്നത്. ഫണ്ടുകളുടെ വകമാറ്റല്‍, അയോഗ്യര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കല്‍, ഗുണഭോക്താവിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മസ്റ്റര്‍ റോളുകളിലെ തിരിമറികള്‍, ജോലികള്‍ അളന്ന് തിട്ടപ്പെടുത്താതെ വേതനം നല്‍കല്‍ തുടങ്ങി അഴിമതികളും ക്രമക്കേടുകളും വ്യാപകമാണ്. ഇതിനെല്ലാം അറുതിവരുത്തി നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ വിധത്തില്‍ പദ്ധതി പുനഃക്രമീകരിക്കേണ്ടതുണ്ട്. ജോലികളുടെ ആസൂത്രണം, നടപ്പാക്കല്‍, വിലയിരുത്തല്‍ എന്നിവ കാര്യക്ഷമമാക്കുകയും, ഉത്പാദന മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ആസ്തി നിര്‍മാണത്തിന് പ്രാമുഖ്യം നല്‍കുകയും ചെയ്താല്‍ പദ്ധതി കൂടുതല്‍ പ്രയോജനകരമാക്കാവുന്നതാണ്.