Connect with us

Idukki

അധ്യാപികയുടെ മരണം: ഇടുക്കിയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു

Published

|

Last Updated

തൊടുപുഴ: മേലുദ്യോഗസ്ഥരുടെ പരിശോധന മൂലമുണ്ടായ മാനസിക പീഡനത്താല്‍ മസ്തിഷ്‌കാഘാതം ബാധിച്ച് പ്രധാനാധ്യാപിക മരിക്കാനിടയായ സംഭവത്തില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. പരിശോധന നടത്തിയ ജില്ലാ വിദ്യാഭ്യാസവകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെയും സീനിയര്‍ സൂപ്രണ്ടിനെയും സംരക്ഷിക്കാന്‍ യു ഡി എഫ് സംഘടനകള്‍ രംഗത്തുവന്നതോടെയാണ് വിഷയം രാഷ്ട്രീയമായി മാറിയത്. അതേ സമയം ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ പ്രക്ഷോഭത്തിന് സി പി എം നേതാക്കള്‍ നേതൃത്വം നല്‍കാന്‍ തുടങ്ങി. കുഞ്ചിത്തണ്ണി സ്‌കൂളിലെ പ്രധാനാധ്യാപിക ഇ പി പുഷ്പലത(51)യാണ് കഴിഞ്ഞയാഴ്ച കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സീനിയര്‍ സൂപ്രണ്ട് പി.എച്ച് ഇസ്മാഈലിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും അഡ്മിനിസ്‌ടേറ്റീവ് അസിസ്റ്റന്റ് കെ കെ ശശിധരനെതിരെ നടപടിയുണ്ടായിട്ടില്ല.
പുഷ്പലതയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ചിത്തണ്ണി ഗവ. സ്‌കൂളിലെ ഒന്നാം കഌസു മുതലുള്ള വിദ്യാര്‍ഥികളെ അണിനിരത്തി ഡി.ഡി ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം എം മണി പറഞ്ഞു. മേലുദ്യോഗസ്ഥരുടെ മാനസീക പീഡനത്തെ തുടര്‍ന്ന് പ്രധാനാദ്ധ്യാപിക മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ഡി.ഡി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃത സ്ഥലം മാറ്റങ്ങളും പണപ്പിരിവുമായി കോടികളുടെ വെട്ടിപ്പ് നടത്തിയിരുന്ന ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നും പ്രതിഫലനമാണിതെന്നും എം.എം മണി പറഞ്ഞു. യോഗത്തില്‍ കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സി കെ ഹരീഷ്, എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ സുന്ദര്‍രാജ്, സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, വി.വി മത്തായി, ടി ആര്‍ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.