ഇലക്‌ട്രോണിക് ഷോപ്പര്‍ മേളക്ക് ഉജ്വല തുടക്കം

Posted on: March 19, 2015 7:00 pm | Last updated: March 19, 2015 at 7:43 pm
SHARE

അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് വിപണന മേളയായ ഇലക്‌ട്രോണിക്ക് ഷോപ്പറിന് അഡ്‌നിക്കില്‍ തുടക്കമായി. യു എ ഇ സാംസ്‌കാരിക-യൂത്ത് കമ്യൂണിറ്റി വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ ഇലക്‌ട്രോണിക് നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ സാംസങ്, നിക്കോണ്‍, ഐക്കോണ്‍, യു എ ഇയിലെ മുന്‍നിര വിപണന കേന്ദ്രങ്ങളായ ശറഫ് ഡി ജി തുടങ്ങിയ കമ്പനികളുടെ പവലിയനുകളുണ്ട്. മൊബൈല്‍ ഫോണുകള്‍, ടി വി, ക്യാമറ, ഐപാഡ്, ലാപ്‌ടോപ്പ്, ഗൃഹോപകരണങ്ങള്‍ എന്നിങ്ങനെ വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് മൂന്ന് ദിവസങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുക.
വിവിധ കമ്പനികള്‍ ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവാണ് നല്‍കുന്നത്. പ്രത്യേകമായി പരിശീലനം നേടിയ സെയില്‍സ്മാന്മാര്‍ തങ്ങളുടെ സാധനങ്ങള്‍ ഉപഭോക്താക്കളെ പരിചയപ്പെടുത്തുന്നതിന് വിവിധ കമ്പനികള്‍ നിയമിച്ചിട്ടുണ്ട്.
വിസിറ്റ് ആന്‍ഡ് വിന്‍ എന്ന പേരില്‍ സമ്മാന പരിപാടികളും ഇതില്‍ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും മേളയുടെ പ്രത്യേകതയാണ്. നഗരത്തിലെ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ആകര്‍ഷകമായ നിരക്കില്‍ മേളയില്‍ ഉലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ലഭ്യമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രവേശനത്തിന് പത്ത് ദിര്‍ഹമിന്റെ സാധാരണ ടിക്കറ്റും 40 ദിര്‍ഹമിന്റെ വി ഐ പി ടിക്കറ്റുമാണുള്ളത്. വി ഐ പി ടിക്കറ്റ് എടുത്ത് മേളയില്‍ പ്രവേശിക്കുമ്പോള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അമ്പത് ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. 10,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് അബുദാബി എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശന സമയം.