സ്മൃതി ഇറാനിക്കെതിരായ പരാമര്‍ശം: ശരദ് യാദവ് ഖേദം പ്രകടിപ്പിച്ചു

Posted on: March 19, 2015 5:54 am | Last updated: March 18, 2015 at 10:55 pm
SHARE

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ജെ ഡി യു നേതാവ് ശരദ് യാദവ് ഖേദം പ്രകടിപ്പിച്ചു. താന്‍ അവരെ ബഹുമാനിച്ചതാണെന്നും ന്യായീകരിച്ചതുമാണെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
യാദവിന്റെ പരാമര്‍ശത്തില്‍ മാധ്യമങ്ങളില്‍ ആവശ്യമില്ലാത്ത പ്രചാരണങ്ങളാണ് ഉണ്ടായത്. പരാമര്‍ശത്തില്‍ വ്യക്തത വരുത്തി വിവാദത്തെ ശമിപ്പിക്കാന്‍ ശരദ് യാദവിനെ ജെയ്റ്റ്‌ലി പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യാദവ് ഖേദം പ്രകടിപ്പിച്ചത്. സ്മൃതി ഇറാനിയുടെ ഡിഗ്രി വിവാദ കാലത്തെ അവരെ അനുകൂലിച്ച ഏക വ്യക്തി താനായിരുന്നെന്ന് ശരദ് യാദവ് ഓര്‍മിച്ചു. എന്‍ ഡി എ സര്‍ക്കാറിലെ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നീ രണ്ട് വനിതാ മന്ത്രിമാരില്‍ തനിക്ക് അഭിമാനമുണ്ട്. സീതാരാമന്‍ മികച്ച സമര്‍ഥയായ മന്ത്രിയാണ്. സ്മൃതി ഇറാനിയുടെ ഡിഗ്രി വിവാദത്തില്‍ താന്‍ രാഷ്ട്രമീമാംസയിലെ എന്‍ജിനീയറാണെന്നും എന്നാല്‍ അത് പഠിച്ചില്ലെന്നും പറഞ്ഞാണ് അവരെ പിന്തുണച്ചത്. അന്ന് അവരെ പിന്തുണച്ച ആദ്യയാളായിരുന്നു താന്‍. യാദവ് പറഞ്ഞു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ സ്ത്രീകളുടെ നിറത്തെ കുറിച്ച് രാജ്യസഭയില്‍ പറഞ്ഞതാണ് യാദവിന് വിനയായത്. ഈ വിഷയം തുടര്‍ന്ന ദിവസങ്ങളില്‍ ഡി എം കെയുടെ കനിമൊഴിയും സ്മൃതി ഇറാനിയും ഉന്നയിച്ചപ്പോഴാണ് ഇറാനിക്ക് നേരെ യാദവ് അടുത്ത വെടി പൊട്ടിച്ചത്. നിങ്ങള്‍ എത്തരത്തിലുള്ള വ്യക്തിയാണെന്ന് തനിക്കറിയാമെന്നായിരുന്നു അത്.
ഇരുണ്ട തൊലിയുള്ള ദക്ഷിണേന്ത്യന്‍ യുവതികളുടെ ശരീരവും നൃത്തകഴിവുകളും ഭ്രമിപ്പിക്കുന്നതാണെന്ന പരാമര്‍ശമാണ് വിവാദമായത്. ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് പരാമര്‍ശമുണ്ടായത്. സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഇത് വലിയ വിമര്‍ശത്തിനിടയാക്കി. ഇന്ത്യയില്‍ തൊലിവെളുപ്പുള്ളവരോട് പ്രത്യേക ഇഷ്ടം അനാവശ്യമാണെന്ന് ഇന്‍ഷ്വറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 26 മുതല്‍ 49 വരെ ശതമാനം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് യാദവ് പറഞ്ഞു. ഡല്‍ഹി കൂട്ടബലാത്സംഗ പ്രതിയുമായി അഭിമുഖം നടത്താന്‍ ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന് എളുപ്പത്തില്‍ അനുമതി ലഭിച്ചത് അവരുടെ തൊലിവെളുപ്പ് കൊണ്ടാണ്. രവിശങ്കര്‍ പ്രസാദിനെ പോലെ നിങ്ങളുടെ ദൈവം കറുത്തതാണ്. എന്നാല്‍ വിവാഹ പരസ്യങ്ങള്‍ വെളുപ്പ് തൊലിയുള്ള ഇണകള്‍ക്ക് വേണ്ടിയാണ്. രാജ്യത്ത് നിന്ന് വെള്ളക്കാരെ തുരത്തിയോടിച്ച മഹാത്മാ ഗാന്ധി കറുത്തയാളായിരുന്നു. യാദവ് പറഞ്ഞു. തുടര്‍ന്നാണ് ദക്ഷിണേന്ത്യന്‍ യുവതികളെ പരാമര്‍ശിച്ചത്.
ഇതുകേട്ടയുടനെ ഡി എം കെ അംഗം കനിമൊഴി പ്രതിഷേധിച്ചിരുന്നു. 243 അംഗങ്ങളില്‍ പ്രതിഷേധിച്ച ഒരേയൊരാളാണ് കനിമൊഴി. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെ ശരദ് യാദവിന്റെ നിലപാട്.