Connect with us

Gulf

കാശ്മീരിലെ പ്രളയബാധിതര്‍ക്കായി ഒമാന്‍ ഐ സി എഫ് പത്ത് വീടുകള്‍ നിര്‍മിക്കും

Published

|

Last Updated

പ്രളയം നാശം വിതച്ച കാശ്മീര്‍ – ഫയല്‍ ചിത്രം

മസ്‌കത്ത്: പ്രകൃതി ദുരന്തം നാശം വിതച്ച കാശ്മീരിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി ഒമാന്‍ ഐ സി എഫ്. ദുരിത ബാധിതരായ പതിനായിരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയാണ് ഐ സി എഫ് സാന്ത്വനമേകുന്നത്. സുന്നി യുവജന സംഘം ആവിഷ്‌കരിച്ച ദാറുല്‍ ഖൈര്‍ പദ്ധതിയുടെ ഭാഗമായാണ് വീട് നിര്‍മാണം. കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച 2014 ഒക്‌ടോബറിലെ പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഐ സി എഫ് നിരവധി കാരുണ്യ സേവനങ്ങള്‍ നടത്തിയിരുന്നു.

ഭക്ഷണം, മരുന്ന്, വസ്ത്രം, തുടങ്ങിയ അടിയന്തര സഹായങ്ങള്‍ നേരിട്ടെത്തിച്ച് കൊടുത്ത് കാശ്മീര്‍ ജനതയുടെ കണ്ണുനീര്‍ ഒപ്പുന്നതില്‍ സജീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. പ്രളയ ദുരന്തത്തിന്റെ രൂക്ഷത ഏറ്റുവാങ്ങിയ ബദ്ഗാം ജില്ലയിലെ നര്‍ബല്‍ ഗ്രാമത്തില്‍ മൂന്ന് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ബാക്കി ഏഴ് വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. റമസാന് മുമ്പ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച പത്ത് വീടുകളുടെ സമര്‍പ്പണം നടക്കും. കാശ്മീരിലെയും കേരളത്തിലെയും ജനപ്രതിനിധികളും സംഘടനാ നേതാക്കളും ചടങ്ങിന് സാക്ഷിയാകും. കാശ്മീരിലെ യാസീന്‍ ഗ്രുപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.