പഠന-ഗവേഷണ സ്ഥാപനങ്ങള്‍ പൂക്കോട് തുടങ്ങണമെന്ന വാശിയില്ലെന്ന് വി സി

Posted on: March 17, 2015 5:58 am | Last updated: March 16, 2015 at 11:58 pm
SHARE

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ആസ്ഥാനമായ പൂക്കോട് നിര്‍മാണങ്ങള്‍ നടത്തുന്നതിനുള്ള നിയമ-സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിനുള്ള നടപടികളെക്കുറച്ച് ആലോചിക്കുന്നതിനു ഈ മാസം 19ന് തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ വനം, റവന്യൂ, നിയമ, കൃഷി വകുപ്പ് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് തുടങ്ങിയവര്‍ പങ്കെടുക്കും. പൂക്കോട് ക്യാമ്പസിലെ ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതില്‍ മാര്‍ച്ച് 31നകം തീരുമാനം ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ഇവിടെ ആരംഭിക്കാന്‍ തീരൂമാനിച്ച സ്ഥാപനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും വൈസ് ചാന്‍സലര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ഉന്നതതല യോഗം.

പൂക്കോട് കൈവശമുള്ള ഭൂമിയില്‍ സര്‍വകലാശാല നിര്‍മാണങ്ങള്‍ നടത്തുന്നത് ദേശീയ ഹരിത ട്രൈബ്യൂണലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചതിനുസരിച്ച് സംസ്ഥാന വനം-വന്യജീവി വകുപ്പും തടഞ്ഞിരിക്കയാണ്. വയനാട് പ്രകൃതി സംരക്ഷണ സമിതിക്ക് വേണ്ടി പ്രസിഡന്റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡിസംബര്‍ 19ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍വകലാശാലയുടെ അധീനതയില്‍ പൂക്കോടുള്ള വനഭൂമി എല്ലാ നിര്‍മിതികളും പൊളിച്ചുമാറ്റി സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജിയിലെ ആവശ്യം. ഹരജിക്കാരുടെയും എതിര്‍ കക്ഷികളുടെയും പ്രാരംഭവാദം കേട്ട ശേഷം പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
വൈത്തിരിയിലെ ഗ്രീന്‍ ക്രോസ് എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറി ഇ കെ സക്കീര്‍ ഹുസൈന്‍ നല്‍കിയ പരാതിയാണ് പൂക്കോട് ക്യാമ്പസിലെ സര്‍വകലാശാല നിര്‍മാണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലിനു കാരണമായത്. സര്‍വകലാശാലയുടെ കൈവശഭൂമിയിലെ പാരിസ്ഥിതിത്തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന നിര്‍മാണങ്ങള്‍ തടയണമെന്നായിരുന്നു സക്കീര്‍ ഹുസൈന്റെ പരാതിയില്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ സതേണ്‍ റീജ്യന്‍(ബംഗളൂരു) ചീഫ് കണ്‍സര്‍വേറ്റര്‍ എസ് എം സോമശേഖരന്‍ നവംബര്‍ 14ന് പൂക്കോട് പരിശോധന നടത്തിയിരുന്നു.
അതേമാസം 20നാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക്(ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്) പൂക്കോട് ക്യാമ്പസിലെ നിര്‍മാണങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.
അടിമവേലയില്‍ നിന്നു മോചിപ്പിച്ച ആദിവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 1979 മെയ് 25ന് സംസ്ഥാനത്തിനു വിട്ടുകൊടുത്ത 531 ഹെക്ടര്‍ വനഭൂമിയുടെ ഭാഗമാണ് പൂക്കോട് സര്‍വകലാശാലയുടെ കൈവശത്തിലുള്ളത്.
വെറ്ററിനറി കോളജ് തുടങ്ങുന്നതിന് 1998 ആഗസ്റ്റ് 13നാണ് കാര്‍ഷിക സര്‍വകലാശാലക്ക് പൂക്കോട് 40.47 ഹെക്ടര്‍ ഭൂമി അനുവദിച്ചത്. ഇവിടെ 2011ലായിരുന്നു സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന് തുടക്കം.
ദേശീയ ഹരിത ട്രൈബ്യൂണലും വനം-വന്യജീവി വകുപ്പും നിര്‍മാണങ്ങള്‍ തടഞ്ഞത് പൂക്കോട് ക്യാമ്പസില്‍ ഏകദേശം 76 കോടി രൂപയുടെ പ്രവൃത്തികള്‍ മുടങ്ങുന്നതിനു കാരണമായി. ഇതേത്തുര്‍ന്ന് പൂക്കോട് വിഭാവനം ചെയ്ത പ്രവൃത്തികള്‍ പാലക്കാട് തിരുവാഴാംകുന്ന്, തൃശൂര്‍ മണ്ണുത്തി ക്യാമ്പസുകളിലേക്ക് മാറ്റാന്‍ സര്‍വകലാശാല നീക്കം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 100 കോടി രൂപ സര്‍വകലാശാലക്ക് അനുവദിച്ചിരുന്നു. 2016നകം വിനിയോഗിക്കേണ്ട ഈ ഫണ്ട് ലാപ്‌സാകുമെന്ന ഘട്ടത്തിലായിരുന്നു ഔദ്യോഗിക ആസ്ഥാനവും വെറ്ററിനറി കോളേജും മാത്രം പൂക്കോട് നിലനിര്‍ത്തി ഗവേഷണ, പഠന, വിദൂരവ്യാപന കേന്ദ്രങ്ങളും ഡയറക്ടറേറ്റുകളും പുറത്തേക്ക് മാറ്റാനുള്ള സര്‍വകലാശാലയുടെ പദ്ധതി.
എന്നാല്‍ ജനുവരി 28ന് ചേര്‍ന്ന സര്‍വകലാശാല ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തില്‍ സ്ഥാപനങ്ങള്‍ തിടുക്കപ്പെട്ട് മാറ്റരുതെന്ന് കല്‍പ്പറ്റ എം എല്‍ എ എം വി ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു. നിര്‍മാണത്തിനുള്ള വിഘ്‌നങ്ങള്‍ നീക്കുന്നതില്‍ സര്‍ക്കാറിന്റെ കാര്യക്ഷമായ ഇടപെടലും അദ്ദേഹം ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് നീക്കം സര്‍വകലാശാല മരവിപ്പിച്ചുവെങ്കിലും കൈവശഭൂമിയില്‍ പൂര്‍ണ ഉമടസ്ഥാവകാശം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 31നകം തീരുമാനം അറിയിക്കണമെന്ന് വൈസ് ചാന്‍സലര്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചത്.