Connect with us

International

തിക്‌രിത്ത് പിടിക്കാന്‍ രൂക്ഷ പോരാട്ടം; സൈന്യം ഇസില്‍ സങ്കേതങ്ങള്‍ വളഞ്ഞു

Published

|

Last Updated

ബാഗ്ദാദ്: തിക്‌രിത്ത് പിടിക്കാനുള്ള പോരാട്ടം പുരോഗമിക്കുന്നതിനിടെ ഇറാഖ് സൈന്യം ഇന്നലെ നൂറുക്കണക്കിന് ഇസില്‍ തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്ന സങ്കേതങ്ങള്‍ വളഞ്ഞതായി റിപ്പോര്‍ട്ട്. കനത്ത പോരാട്ടമാണ് തിക്‌രിത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ വടക്കന്‍ മേഖലയിലെ ഖാദിസിയ്യ പിടിക്കാന്‍ ഇറാഖ് സൈന്യവും ഇസില്‍ തീവ്രവാദികളും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഖാദിസിയ്യ ഇപ്പോള്‍ ഇസിലിന്റെ പക്കലാണുള്ളത്.
തിക്‌രിത്തില്‍ പോരാട്ടം ശക്തമാക്കിയ സൈന്യവും അവരെ പിന്തുണക്കുന്ന ശിയാ പോരാളികളും ബോംബിടുന്നത് ഒഴിവാക്കി വ്യോമ നിരീക്ഷണത്തിലൂടെ ഇസില്‍ ഒളിത്താവളങ്ങള്‍ കണ്ടെത്തി വളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ദുഷ്‌കരമായ നീക്കത്തിനിടയില്‍ തിക്‌രിത്ത് നഗരത്തിന്റെ 50 ശതമാനത്തോളം പ്രദേശം ഇറാഖ് സര്‍ക്കാറിന്റെ അധീനതയിലായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ വളരെ മന്ദഗതിയിലാണ് സൈന്യത്തിന്റെ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. 10,000ത്തോളം സ്‌ഫോടക വസ്തുക്കളാണ് സ്ഥാപിച്ചതെന്നാണ് സൂചന.
അതേസമയം തിക്‌രിത്ത് പിടിച്ചടക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ ശ്രമത്തിനിടെ അല്‍ദയൂമില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു.

---- facebook comment plugin here -----

Latest