യുദ്ധക്കളമായി നിയമസഭ; സാങ്കേതികമായി ബജറ്റ് അവതരണം

Posted on: March 13, 2015 10:10 am | Last updated: March 14, 2015 at 10:53 am
SHARE

mani budgetതിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം പ്രക്ഷുബ്ധമായ സഭാതലത്തില്‍ ധനമന്ത്രി കെ എം മാണി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിരോധത്തെ വകഞ്ഞുമാറ്റി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സുരക്ഷാവലയത്തില്‍ സഭയിലെത്തിയ മാണി ബജറ്റ് പ്രസംഗത്തിന്റെ ആമുഖം വായിച്ച ശേഷം സഭയുടെ മേശപ്പുറത്ത് വെക്കുകയായിരുന്നു. പ്രതിപക്ഷം തടഞ്ഞതിനാല്‍ സ്പീക്കര്‍ക്ക് ഡയസില്‍ എത്താനായില്ല. തുടര്‍ന്ന് ചേംബറില്‍ നിന്ന് ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹം മാണിക്ക് അനുമതി നല്‍കി. മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഭരണപക്ഷ എം എല്‍ എമാരും മന്ത്രിമാരും സഭയില്‍ ലഡു വിതരണം ചെയ്ത് ആഹ്ലാദം പങ്കുവെച്ചു. സംഘര്‍ഷത്തിനിടയില്‍ വി ശിവന്‍കുട്ടി എംഎല്‍എ ഉള്‍പ്പെടെ പ്രതിപക്ഷത്ത് നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ സഭയില്‍ വീണു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവന്‍കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇതേസമയം, സഭയുടെ പുറത്തും സ്ഥിതി നിയന്ത്രണാധീതമായിരുന്നു. ഇടത്, യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചു.

ചരിത്രത്തില്‍ ഇന്നോളമില്ലാത്ത സംഭവങ്ങള്‍ക്കാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. ഇന്നലെ രാത്രി മുതല്‍ നിയമസഭയില്‍ തങ്ങി ഭരണപക്ഷവും പ്രതിപക്ഷവും ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും അവര്‍ നടപ്പാക്കി. രാവിലെ മുതല്‍ തന്നെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അണിനിരന്നിരുന്നു. എട്ടോകാലോടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഭയ്ക്കുള്ളില്‍ എത്തി. ഈ സമയം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം ബഹളംവെച്ചുകൊണ്ടിരുന്നു. പ്രതിപക്ഷത്ത് നിന്നുള്ള ആറ് വനിതാ എം എല്‍ എമാരും മാണിയുടെ ഇരിപ്പിടത്തിന് മുന്നില്‍ അണിനിരന്നു. മാണി സ്വന്തം ഇരിപ്പിടത്തിലേക്ക് എത്തിയാല്‍ വനിതാ അംഗങ്ങളെ ഉപയോഗിച്ച് തടയുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

എട്ടേമുക്കാലോടെ കെ എം മാണി മുഖ്യമന്ത്രിയുടെ മുറിയില്‍ നിന്ന് സഭയിലേക്ക് പുറപ്പെട്ടു. ഇതറിഞ്ഞതോടെ പ്രതിപക്ഷസമരത്തിന്റെ വീര്യംകൂടി. അല്‍പസമയം കഴിഞ്ഞ മാണി നിയമസഭയിലേക്ക് വരാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം തടഞ്ഞു. ഇതിനിടെ പ്രതിപക്ഷം മറ്റൊരു തന്ത്രവും പുറത്തെടുത്തു. സ്പീക്കര്‍ സഭയിലെത്തുന്നത് തടയുക എന്നതായിരുന്നു അത്. സ്പീക്കര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ ബജറ്റ് അവതരണം നടക്കില്ല എന്ന കണക്കുകൂട്ടലിലായിരുന്നു പ്രതിപക്ഷം. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കര്‍ അകത്ത് പ്രവേശിക്കുന്നത് തടഞ്ഞു. വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറുകളും സ്പീക്കറുടെ കസേരയും എടുത്തെറിയുകയും ചെയ്തു.

ഈ സമയം വാച്ച് ആന്‍ഡ് വാര്‍ഡ് പിന്നിലെ വഴിയിലൂടെ കെ എം മാണിയെ സുരക്ഷിതമായി നിയമസഭക്ക് ഉള്ളില്‍ എത്തിച്ചു. മൈക്ക് ശരീരത്തില്‍ ഘടിപ്പിച്ചാണ് മാണി സഭയിലെത്തിയത്. എന്നാല്‍ അപ്പോഴും പ്രതിപക്ഷത്തിന്റെ കനത്ത പ്രതിരോധം ഭേദിച്ച് സ്പീക്കര്‍ക്ക് സഭയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ബജറ്റ് അവതരിപ്പിക്കാന്‍ ചേംബറിലിരുന്ന് അനുമതി നല്‍കുകയായിരുന്നു. ഇതോടെ മന്ത്രിമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും സുരക്ഷാ വലയത്തിലിരുന്ന് പ്രതിപക്ഷന്റെ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ മാണി ബജറ്റ് പ്രസംഗം വായിച്ചു. ആമുഖം വായിച്ച ശേഷം ബജറ്റ് മേശപ്പുത്ത് വെച്ചതോടെ വലിയ യുദ്ധം ജയിച്ച പ്രതീതിയില്‍ ഭരണപക്ഷത്ത് നിന്ന് ആര്‍പ്പുവിളികളുയര്‍ന്നു. മാണിക്ക് അഭിവാദ്യമര്‍പ്പിച്ച് എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് ലഡുവിതരണവും നടന്നു.

ഇതിനിടെയാണ് വി ശിവന്‍കുട്ടി എംഎല്‍എ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട അദ്ദേഹത്തെ സഭയിലെ മേശപ്പുറത്ത് കിടത്തി. ഇതിന് പിന്നാലെ ഗീതാ ഗോപി എം എല്‍ എയും കെ അജിത്ത് എം എല്‍ എയും സഭയില്‍ വീണു.

ഒടുവില്‍ നിയമസഭയുടെ മീഡിയാറൂമില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് മാണി ബജറ്റ് വിശദീകരിച്ചു.