ആ താരം റിച്ചാര്‍ഡ്‌സ് തന്നെ

Posted on: March 11, 2015 5:51 am | Last updated: March 10, 2015 at 11:52 pm
SHARE

vivian-richards-post_1372669605ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിന് രണ്ട് ലോക കിരീടങ്ങള്‍ സമ്മാനിച്ച ബാറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം. ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോയുടെ മാഗസിനായ ക്രിക്കറ്റ് മന്ത്‌ലി നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് റിച്ചാര്‍ഡ്‌സ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് ഒന്നാമനായത്. 50 അംഗ ജൂറിയില്‍ 29 പേരും റിച്ചാര്‍ഡ്‌സിനെ പിന്തുണച്ചു. വിന്‍ഡീസ് ഇതിഹാസത്തിന് 179 പോയിന്റ് ലഭിച്ചപ്പോള്‍ സച്ചിന് ലഭിച്ചത് 68 പോയിന്റ്.
66 പോയിന്റുള്ള പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രമാണ് മൂന്നാമത്. ആസ്‌ത്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ആദം ഗില്‍ക്രിസ്റ്റാണ് (29) നാലാമത്. 25 പോയിന്റുള്ള ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് അഞ്ചാം സ്ഥാനം.
മുന്‍താരങ്ങളും കമെന്റേറ്റര്‍മാരും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളും അടങ്ങുന്നതാണ് ജൂറി. ഇയാന്‍ ചാപ്പല്‍, ക്ലൈവ് ലോയ്ഡ്, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, ഗ്രെയിം സ്മിത് എന്നിവരാണ് ജൂറി അംഗങ്ങളായ മുന്‍ താരങ്ങള്‍.
ആകെ 21 ക്രിക്കറ്റര്‍മാരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ജൂറിയുടെ ഒരു വോട്ടെങ്കിലും ലഭിച്ചവരില്‍ ആറ് ഓസ്‌ട്രേലിയക്കാരും അഞ്ച് ഇന്ത്യക്കാരും നാല് പാകിസ്താന്‍ താരങ്ങളും രണ്ട് വീതം വെസ്റ്റിന്‍ഡീസുകാരും ദക്ഷിണാഫ്രിക്കക്കാരും ശ്രീലങ്കക്കാരും ഇംഗ്ലണ്ടുകാരുമാണുള്ളത്.
വെസ്റ്റിന്‍ഡീസിനുവേണ്ടി 187 ഏകദിനങ്ങള്‍ കളിച്ച റിച്ചാര്‍ഡ്‌സ് പതിനൊന്ന് സെഞ്ച്വറി അടക്കം 6721 റണ്ണാണ് നേടിയത്. 189 റണ്ണാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 463 ഏകദിനം കളിച്ച സച്ചിന്‍ 49 സെഞ്ച്വറികള്‍ അടക്കം 18426 റണ്‍ നേടിയിട്ടുണ്ട്. ഇതില്‍ ഒരു ഇരട്ടസെഞ്ച്വറിയും ഉള്‍പ്പെടും.
എന്നാല്‍, കണക്കുകള്‍ മാത്രം പരിശോധിച്ച് വിവിധ കാലഘട്ടങ്ങളിലെ താരങ്ങളെ അളക്കാന്‍ സാധ്യമല്ല. ചെറിയ ബാറ്റും വലിയ ഗ്രൗണ്ടുകളുമുള്ള കാലത്ത് എല്ലാ തരം പിച്ചുകളിലും ബൗളര്‍മാര്‍ക്കെതിരെ വിവിയന്‍ റിചാര്‍ഡ്‌സിനുണ്ടായിരുന്ന സമഗ്രാധിപത്യം വിസ്മയകരമാണെന്ന് ഇ എസ് പി എന്‍ ക്രിക്ഇന്‍ഫോ എഡിറ്റര്‍ ഇന്‍ ചീഫ് സംബിത് ബാല്‍ പറഞ്ഞു.