കെ എം മാണിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി വി ശിവന്‍കുട്ടി

Posted on: March 10, 2015 5:09 pm | Last updated: March 11, 2015 at 3:19 pm
SHARE

MANI

തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ കുരുങ്ങി നില്‍ക്കുന്ന ധനമന്ത്രി കെ എം മാണിക്കെതിരെ നിയമസഭയില്‍ പുതിയ ആരോപണം. പ്രതിപക്ഷത്ത് നിന്ന് വി ശിവന്‍കുട്ടിയാണ് രേഖാമൂലം എഴുതിനല്‍കി ആരോപണം ഉന്നയിച്ചത്. 211 വ്യവസായികള്‍ക്ക് റവന്യൂ റിക്കവറിക്ക് അനധികൃതമായി സ്റ്റേ അനുവദിച്ചതിന്റെ മറവില്‍ ധനമന്ത്രി കോടികള്‍ കോഴ വാങ്ങിയെന്നാണ് ആരോപണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ 2014 മാര്‍ച്ച് ഒന്ന് വരെ 116.16 കോടി രൂപയുടെ സ്റ്റേയാണ് ക്രമവിരുദ്ധമായി അനുവദിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകളും സി ഡികളും ശിവന്‍കുട്ടി സഭയുടെ മേശപ്പുറത്ത് വെച്ചു.

മാണിയുടെ മരുമകന്‍ ഡോ. സ്റ്റീഫന്‍, സുഹൃത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ജോര്‍ജ് വഴി ബാര്‍കോഴ സംബന്ധിച്ച ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് ബിജു രമേശിനോട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറച്ചുവിടുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സി ഡി സഭയുടെ മേശപ്പുറത്ത് വെച്ചു സംഭാഷണത്തില്‍ പത്ത് കോടി രൂപ ജോര്‍ജ് ബിജു രമേശിന് വാഗ്ദാനം ചെയ്യുന്നുണ്ട്. മാണി സാറിന്റെ സ്വത്ത് മുഴുവന്‍ തൂക്കിയാലും താന്‍ തൂങ്ങില്ലെന്ന് ബിജു രമേശ് മറുപടി നല്‍കുന്നത് സി ഡിയിലുണ്ട്. 211 വ്യവസായികള്‍ക്ക് റവന്യൂ റിക്കവറി സ്റ്റേ ചെയ്തതിലൂടെ 6.4 കോടി രൂപ മാണി കോഴ വാങ്ങിയെന്നാരോപിച്ചു കഴിഞ്ഞ ദിവസം ശിവന്‍കുട്ടി വിജിലന്‍സ് കേസ് ഫയല്‍ ചെയ്തിരുന്നു. വിവിധ തിരഞ്ഞെടുപ്പുകളിലായി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുകള്‍ ഉദ്ധരിച്ചു മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ചൂണ്ടിക്കാട്ടുന്നു. മാണിയുടെയും കുടുംബത്തിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിനെ സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തണം. 1995ല്‍ ആരംഭിച്ച പാലാഴി ടയര്‍ ഫാക്ടറിയുടെ പേരില്‍ സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 110 കോടിയുടെ ഓഹരി പിരിച്ചു. 36 വര്‍ഷമായി ഈ കമ്പനിയുടെ ആദായം എത്രയാണെന്നും ആ തുക ആര്‍ക്കൊക്കെയാണ് കിട്ടിയതെന്നും മാണി വ്യക്തമാക്കണം.
ഫാക്ടറി ആരംഭിക്കുന്നതിനായി പാലായ്ക്കടുത്ത് ഇരുപത് ഏക്കറിലധികം ഭൂമിവാങ്ങിയിരുന്നു. ഈ ഭൂമിയിലെ റബ്ബര്‍ മരങ്ങള്‍ ഇപ്പോള്‍ വെട്ടിമാറ്റി ട്രിപ്പിള്‍ ഐ എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടിരിക്കുന്നു. നാല്‍പ്പത് ലക്ഷം ചെലവിട്ട് നടത്തിയ തറക്കല്ലിടല്‍ ചടങ്ങിനെ സംബന്ധിച്ച നടപടികള്‍ സി എ ജി ഒബ്ജക്ട് ചെയ്തിരിക്കുകയാണ്. കമ്പനി ലിക്വിഡേറ്റ് ചെയ്ത് 110 കോടി രൂപയും 36 വര്‍ഷത്തെ റബ്ബറിന്റെ വിലയും ഇരുപത് ഏക്കര്‍ സ്ഥലത്തെ റബ്ബറിന്റെ ആദായവും ഭൂമിയും മാണി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.

യിലുണ്ട്.