Connect with us

Editorial

നിയമ(ലംഘന)ം കൈയിലെടുക്കരുത്

Published

|

Last Updated

ബലാത്സംഗങ്ങള്‍ ഇന്ന് ഒരു ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു. മുലപ്പാലിന്റെ മണം മാറാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു. ഇത്തരം കേസുകളിലെ പ്രതികളില്‍ മിക്കവരും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നുവെന്നത് ആരിലും നടുക്കമുളവാക്കുന്നതാണ്. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലച്ച, രാജ്യത്തെമ്പാടും ജനരോഷം അലയടിച്ച 2012 ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗം കുറ്റവാളികള്‍ക്കെതിരെ ജനങ്ങളില്‍ ഗൗരവപൂര്‍ണമായ അവബോധം സൃഷ്ടിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം തികയും മുമ്പ് ആ സംഭവവും വിസ്മൃതിയില്‍ മറയുകയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി, പിന്നീട് സിംഗപ്പൂരില്‍ വിദഗ്ദചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബലാത്സംഗക്കേസുകളില്‍ കനത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമത്തില്‍ ഭേദഗതിവരുത്തിയെങ്കിലും ഇത്തരം സംഭവങ്ങള്‍ അഭംഗുരം തുടരുന്നു.
എന്നാല്‍ കുറ്റവും “ശിക്ഷ”യും ഏതാണ്ട് ഒരേസമയം നടപ്പാക്കപ്പെട്ട, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഭവം വെള്ളിയാഴ്ച നാഗാലാന്‍ഡിലെ ദിമാപൂരില്‍ ഉണ്ടായി. ഇവിടെ ഇര ഒരു നാഗാ പെണ്‍കുട്ടിയാണ്. ഇവളുടെ കുടുംബം അസമിലെ ബരാക് താഴ്‌വര സ്വദേശികളാണ്. ബലാത്സംഗം ചെയ്‌തെന്ന് ആരോച്ച് ഒരാളെ പോലീസ് അറസ്റ്റ്‌ചെയ്ത് ദിമാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്ത വിവരം പുറത്തറിഞ്ഞതോടെ ജനക്കൂട്ടം ജയിലിലേക്ക് ഇരച്ചുകയറി പ്രതിയെ പുറത്തുകൊണ്ടുവന്ന് നഗ്നനാക്കി കരിയടിച്ച് തെരുവ് തോറും പ്രദര്‍ശിപ്പിച്ചു. അതിനിടയില്‍ ഓടിക്കൂടിയവരെല്ലാം പ്രതിയെ തല്ലി. നിയമ, നീതിന്യായ പ്രക്രിയ പൂര്‍ത്തിയാക്കും മുമ്പ് ജനക്കൂട്ടം പ്രതിയെ “ശിക്ഷിച്ചു”- മരണ ശിക്ഷ തന്നെ. അങ്ങനെ കോടതിയും വാദവുമൊന്നുമില്ലാതെ ആള്‍ക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു. ആരോപിക്കപ്പെടുന്ന കുറ്റം കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെങ്കിലും ഇങ്ങനെ നിയമം കൈയിലെടുക്കാന്‍ ആര്‍ക്കാണ് അവകാശം?
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ ഒരു പ്രതിയുടെ അഭിമുഖം ബി ബി സി സംപ്രേഷണം ചെയ്തത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ്, ദിമപൂരിലെ കുറ്റവും “ശിക്ഷ”യുമെന്നത് ശ്രദ്ധേയമാണ്. 2012 ഡിസംബര്‍ 16ലെ ഡല്‍ഹി സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ബലാത്സംഗക്കുറ്റം ചുമത്തിയ 18,000 പേരെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു എന്ന വസ്തുത ഏറെ ചിന്തനീയമാണ്. പ്രതിദിനം 90 പേര്‍ ബലാത്സംഗത്തിനിരയാകുന്നു എന്ന വസ്തുതയും നമുക്ക് വിസ്മരിക്കാനാവില്ല. അജയ് സാഹ്നിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോണ്‍ഫഌക്റ്റ് മാനേജുമെന്റിന്റെ” റിപ്പോര്‍ട്ടിലാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടുപോകുന്നുവെന്ന വെളിപ്പെടുത്തലുള്ളത്. ചുരുക്കത്തില്‍, ഡല്‍ഹി പെണ്‍കുട്ടിയുടെ കൊല നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ -പിഞ്ചുപെണ്‍കുട്ടികള്‍ പോലും- സുരക്ഷിതരാണെന്ന് പറയാനാകില്ല.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 2013ല്‍ റജിസ്റ്റര്‍ ചെയ്ത 25,386 കേസുകളില്‍ കോടതികള്‍ കുറ്റക്കാരെന്ന് വിധിച്ചത് 6892 പേരെ മാത്രമാണ്. കുറ്റം ചുമത്തപ്പെട്ട 18,494 പേര്‍ സമൂഹത്തില്‍ സൈ്വരവിഹാരം നടത്തുന്നു എന്ന് ചുരുക്കം. അതേ വര്‍ഷം 33,000 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായതായി പരാതി നല്‍കിയത്. അതായത് പ്രതിദിനം 90 പേര്‍ ബലാത്സംഗത്തിനിരയാകുന്നു. അതിനിടയില്‍, വാര്‍ത്താപ്രാധാന്യം നേടിയ കേസുകളില്‍ സാക്ഷികളെ വിവിധ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും കൂറുമാറ്റിയും, കേസന്വേഷണ ഘട്ടത്തില്‍ പോലീസിനെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ അട്ടിമറിക്കുന്നതായി ഏറെ പരാതികളുണ്ട്. അതേസമയം ചിലര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നുണക്കഥകള്‍ കെട്ടിച്ചമക്കുന്ന സംഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടു പേരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മരത്തില്‍ കെട്ടിത്തൂക്കിയെന്ന കെട്ടുകഥ പ്രചരിപ്പിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. വൈകിയാണെങ്കിലും ഇത് കള്ളക്കഥയാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. നമ്മുടെ നീതിന്യായ വ്യവസ്ഥ ഏറെ ഉദാരമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് നിലപാട്. അതുകൊണ്ട്തന്നെ “കേസുംകൂട്ടവും” ദീര്‍ഘകാലം നീണ്ട് പോകുന്നത് സ്വാഭാവികം. നിന്ദ്യവും നീചവുമായ കുറ്റകൃത്യങ്ങള്‍ അതിവേഗ കോടതികളില്‍ പെട്ടെന്ന് വിചാരണ നടത്തിയതുകൊണ്ടു മാത്രമായില്ല. വിചാരണാനന്തരം വിധിയും പ്രഖ്യാപിക്കണം. അതും കഴിഞ്ഞാല്‍ എത്രയും വേഗം വിധി നടപ്പാക്കുകയും വേണം. ഇക്കാര്യത്തിലുണ്ടാകുന്ന അംഗീകരിക്കാനാവാത്ത കാലതാമസം രാജ്യത്തെ നിയമ, നീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കും.

Latest