ഉഡുപ്പിയില്‍ പ്രവേശിക്കുന്നതില്‍ തൊഗാഡിയക്ക് വിലക്ക്

Posted on: March 9, 2015 12:52 am | Last updated: March 9, 2015 at 9:53 am
SHARE

praveen thogadiaബെംഗളൂരു: കര്‍ണാടകയുടെ തീര പ്രദേശമായ ഉഡുപ്പിയില്‍ പ്രവേശിക്കുന്നതിന് വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയക്ക് പോലീസിന്റെ വിലക്ക്. ഇന്നലെ മുതല്‍ ഒരു ആഴ്ചത്തേക്കാണ് വിലക്ക്. ബെംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്ര നഗരമായ ഉഡുപ്പി.
ഹിന്ദു സംജോത്സവയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഉഡുപ്പിയില്‍ എത്താനിരിക്കെയാണ് പോലീസ് തൊഗാഡിയക്ക് വിലക്കേര്‍പ്പെടുത്തിയത്. ചടങ്ങില്‍ പ്രകോപനപരമായ പ്രസംഗത്തിലൂടെ തൊഗാഡിയ സമൂഹത്തില്‍ അക്രമ സാധ്യത സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. വിലക്ക് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹിന്ദു സംജോത്സവ സംഘാടകര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.
ഒരു മാസം മുമ്പ് സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബെംഗളൂരുവില്‍ പ്രവേശിക്കുന്നതിന് തൊഗാഡിയയെ വിലക്കിയിരുന്നു.