മുന്നൂറ് കടന്ന ആവേശക്കളി ഐറിഷിന് സ്വന്തം

Posted on: March 8, 2015 12:05 am | Last updated: March 8, 2015 at 12:06 pm
SHARE

207895ഹൊബാര്‍ട്ട്: ലോകകപ്പിലെ ദുര്‍ബല ടീമുകളെ പരിഹസിക്കുന്ന ഐ സി സി ഉന്നതര്‍ക്കുള്ള മറുപടിയായിരുന്നു പൂള്‍ ബിയിലെ സിംബാബ്‌വെ-അയര്‍ലാന്‍ഡ് മത്സരം. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് ജയിച്ചു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 332 റണ്‍ വിജയലക്ഷ്യത്തിനെതിരെ 49.3 ഓവറില്‍ 325 റണ്‍സില്‍ സിംബാബ്‌വെ ആള്‍ ഔട്ടായി.
നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയന്റുള്ള അയര്‍ലന്‍ഡ് ഇതോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പില്‍ ഒരു മത്സരം മാത്രം അവശേഷിക്കുന്ന വെസ്റ്റിന്‍ഡീസിനും (4 പോയിന്റ്) മുന്നിലാണ് അവര്‍. ഇനിയുള്ള ഒരു മത്സരം വിന്‍ഡീസ് തോല്‍ക്കുകയോ അയര്‍ലന്‍ഡിന്റെ രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിക്കുകയോ ചെയ്താല്‍ ഐറിഷ് ടീം ക്വാര്‍ട്ടര്‍ കാണും. നെറ്റ് റണ്‍റേറ്റും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ പങ്ക് വഹിക്കും.
ഒരു ഘട്ടത്തില്‍ നാലിന് 74 എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‌വെയെ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ ടെയ്‌ലറും (121) സെഞ്ച്വറിക്കരികെ വീണ സീന്‍ വില്ല്യംസും (97) കരകയറ്റുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 149 റണ്‍സാണ് സിംബാബ്‌വെ ഇന്നിംഗ്‌സിന് കരുത്തേകിയത്.
ടെയ്‌ലര്‍ വീണ ശേഷം വില്ല്യംസ് ക്രെയ്ഗ് ഇര്‍വിനൊപ്പം (11) ആറാം വിക്കറ്റില്‍ 36 റണ്‍സും ചകാബവയ്‌ക്കൊപ്പം (17) ഏഴാം വിക്കറ്റില്‍ 41 റണ്‍സും ചേര്‍ത്ത് ടീമിനെ വിജയതീരത്തേക്കടുപ്പിച്ചു. സ്‌കോറിംഗ് വേഗം കൂട്ടാന്‍ സിക്‌റിന് ശ്രമിച്ച സീന്‍ വില്യംസിനെ ബൗണ്ടറി ലൈനില്‍ മൂണി മികച്ച ക്യാച്ചില്‍ പുറത്താക്കി. സെഞ്ച്വറിക്കരികെ വില്യംസ് വീണതാണ് കൈവിട്ടു പോയ മത്സരം അയര്‍ലാന്‍ഡിന് തിരികെ കൊടുത്തത്.
ഏഴ് പന്തില്‍ 18 റണ്‍സെടുത്ത മുപാരിവയും ചകാബവയും സിംബാബ്‌വെയെ വിജയത്തിനടുത്തെത്തിച്ചെങ്കിലും നിര്‍ഭാഗ്യം ഒപ്പമുണ്ടായിരുന്നു.
അവസാന ഓവറില്‍ ആറ് പന്തില്‍ 7 റണ്‍സ് മതിയായിരുന്നെങ്കിലും അലക്‌സ് കുസാക്ക് ആദ്യ പന്തില്‍ ചകാബവയെയും മൂന്നാം പന്തില്‍ മുപാരിവയെയും പുറത്താക്കി അയര്‍ലാന്‍ഡിന് ജയം ഉറപ്പാക്കി.
9.2 ഓവറില്‍ 32 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത അലക്‌സ് കുസാക്കാണ് ഐറിഷ് നിരയില്‍ തിളങ്ങിയത്. ജോണ്‍ മൂണിയും കെവിന്‍ ഒബ്രീനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.