ദേശീയപാത വികസനത്തിനായി വീട് പൊളിച്ചു മാറ്റി

Posted on: March 7, 2015 2:55 pm | Last updated: March 7, 2015 at 2:55 pm
SHARE

വടക്കഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നിന്ന വീട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചു മാറ്റി. ദേശീയപാത-47 കാരയന്‍കാട്-മംഗലം റോഡില്‍ സൂര്യകുമാരിയുടെ വീടാണ് പൊളിച്ചു മാറ്റിയത്. ദേശീയപാത സ്ഥലമേറ്റെടുക്കല്‍ വിഭാഗത്തില്‍ നിന്നും 20,12,000 രൂപ നഷ്ടപരിഹാരമായി സൂര്യകുമാരി കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ നാലു വര്‍ഷം കാലാവധിയും അധികൃതര്‍ നല്‍കിയിരുന്നു.
പതിമൂന്നര സെന്റ് സ്ഥലവും വീടുമാണ് സൂര്യകുമാരിയുടെ പേരിലുള്ളത്. ഇതില്‍ ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലം കഴിഞ്ഞ് രണ്ടര സെന്റ് ബാക്കിയുള്ളത്.
കാലാവധി കഴിഞ്ഞിട്ടും വീട് പൊളിച്ചുമാറ്റാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ദേശീയപാത സ്ഥലമേറ്റെടുക്കല്‍ വിഭാഗം ഡെപ്യുട്ടി കലക്്ടര്‍ പി എന്‍ പുഷ്‌കല, സ്‌പെഷ്യല്‍ താഹസില്‍ദാര്‍ എം കെ അനില്‍കുമാര്‍, ആലത്തൂര്‍ അഡീഷനല്‍ താഹസില്‍ദാര്‍ കെ അംബികാകുമാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പുഷ്്പരാജ്, വടക്കഞ്ചേരി എസ് ഐ സി രവീന്ദ്രന്‍, അഡീഷനല്‍ എസ് ഐ കെ നാരായണന്‍ എന്നിവരുടെ സംഘമാണ് വീട് പൊളിച്ചുമാറ്റാന്‍ നേതൃത്വം നല്‍കിയത്. സംഭവമറിഞ്ഞ് വന്‍ജനക്കൂട്ടവും വീട്ടിലെത്തിയിരുന്നു.