Connect with us

Articles

പശു സംരക്ഷണത്തിന്റെ ഫാസിസ്റ്റ് വഴികള്‍

Published

|

Last Updated

മഹാരാഷ്ട്രയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഘടനക്കും ബഹുസ്വരതക്കും നേരെയുള്ള വിപത്കരമായ സൂചനകളാണ്. സമ്പൂര്‍ണമായ ഗോവധ നിരോധത്തിന് പിറകെ മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ സംവരണം എടുത്തുകളഞ്ഞിരിക്കുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതന്മാരെ ശത്രുക്കളാക്കിയാണ് ആര്യവംശ മഹിമയിലധിഷ്ഠിതമായ ഫാസിസം വളര്‍ത്തിയത്. ഇന്ത്യയില്‍ പ്രധാനമായും മുസ്‌ലിംവിരോധത്തിലധിഷ്ഠിതമായ വര്‍ഗീയ ഫാസിസമാണ് ഹിന്ദുത്വ ശക്തികള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബി ജെ പി- ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയാണല്ലോ ആര്‍ എസ് എസിന്റെ ചിത്പവന്‍ ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ജന്മഭൂമി. സവര്‍ക്കറും ഹെഗ്‌ഡേവാറും ഗോള്‍വാള്‍ക്കറുമെല്ലാം അപരമത വിരോധത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യപ്രോക്തമായ ഹിന്ദുത്വമെന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് രൂപം നല്‍കിയത് മഹാരാഷ്ട്രയുടെ മണ്ണിലാണ്.
സംഘ്പരിവാറിന്റെ മുസ്‌ലിം വിരോധത്തിലധിഷ്ഠിതമായ വര്‍ഗീയ ഫാസിസത്തിന്റെ പ്രധാന മുദ്രാവാക്യമായിട്ടാണ് കൊളോണിയല്‍ കാലഘട്ടം മുതല്‍ ഗോവധനിരോധം ഉയര്‍ന്നുവന്നത്. ബ്രിട്ടീഷുകാരല്ല, വിദേശ ആക്രമികള്‍ മുസ്‌ലിംകളാണ് എന്ന വാദം ഉയര്‍ത്തിക്കൊണ്ടാണ് ഹിന്ദുത്വത്തിന്റെ ആദ്യകാല പ്രചാരകന്മാര്‍ ഗോവധ നിരോധ സിദ്ധാന്തം ആവിഷ്‌കരിച്ചെടുത്തത്. 1800കളുടെ അവസാനം ബ്രിട്ടീഷ് പഞ്ചാബിലെ കര്‍ഷകര്‍ കൊളോണിയല്‍ ഭൂനയങ്ങള്‍ക്കെതിരെ പ്രക്ഷോഭമാരംഭിച്ചതോടെ ഹിന്ദുവെന്നും മുസ്‌ലിമെന്നുമുള്ള വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമവും സാമ്രാജ്യത്വ ഭരണാധികാരികള്‍ ആരംഭിച്ചു. അതിന്റെ ഫലമായിട്ടാണ് പഞ്ചാബില്‍ ഗോവധ നിരോധം പ്രശ്‌നവത്കരിക്കപ്പെട്ടത്. ബ്രിട്ടീഷുകാരുടെ അനുചരനായിരുന്ന റായി ബഹദൂര്‍ ലാല ലാല്‍ ചന്ദ് കൃഷിക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് കാരണം ബ്രിട്ടീഷ് നയങ്ങളല്ല, മുസ്‌ലിംകള്‍ ഗോക്കളെ കൊല്ലുന്നതാണെന്ന വാദം ഉയര്‍ത്തി. ഗോക്കളുടെ ഘാതകരായ മുസ്‌ലിംകള്‍ക്കെതിരെ സമരം ചെയ്യേണ്ട ഹിന്ദു കൃഷിക്കാര്‍ മുസ്‌ലിംകളോട് ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ആത്മനിഷേധപരമാണെന്ന് അദ്ദേഹം വാദിച്ചു. Self Abnegation In Politics എന്ന പേരില്‍ ലാലാ ചന്ദ് ഒരു പുസ്തകം രചിച്ചു. ഗോവധത്തെ മതപരമായ വിഭജനത്തിനുള്ള ഒരു വിഷയമാക്കി, ബ്രിട്ടീഷുകാരുടെ “ഭിന്നിപ്പിക്കുക, ഭരിക്കുക” എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ രാജ്യദ്രോഹകരമായ സഹായിയാകുകയായിരുന്നു അയാള്‍. സവര്‍ക്കര്‍ക്ക് മുമ്പ് ഹിന്ദുത്വത്തെ നിര്‍വചിക്കാനും ദേശീയ സ്വാതന്ത്ര്യ സമരത്തെ മതഭിന്നതയുയര്‍ത്തി തകര്‍ക്കാനും ശ്രമിച്ച ഹിന്ദുത്വവാദിയാണ് ലാലാ ലാല്‍ ചന്ദ്.
ഗോവധ നിരോധ വിവാദത്തിന് കൊളോണിയല്‍ അധീശത്വ ചരിത്രത്തോളം വേരുകളുണ്ട്. ഇത് സംബന്ധമായി വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. പശുവിനെ ഗോമാതാവായി ദൈവവത്കരിച്ചത് ബ്രാഹ്മണ്യമാണ്. പശുവിനെ കൊല്ലുന്നത് പാപമായിട്ടാണ് ബ്രാഹ്മണ്യ വിശ്വാസം കാണുന്നത്. പശുവിനെ ആരാധിക്കുന്ന സംസ്‌കാരവും വിശ്വാസവും ചരിത്രത്തില്‍ ഒരു കാര്‍ഷിക സംസ്‌കൃതിയുടെ ഉത്പന്നമായിട്ടാണ് പലരും നിരീക്ഷിച്ചിട്ടുള്ളത്. അതായത് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പശുക്കളെ പരിരക്ഷിക്കുക എന്നതായിരുന്നു ആ വിശ്വാസത്തിന്റെ ചരിത്രപരമായ ന്യായയുക്തി. നമ്മുടെ അക്കാദമിക സമൂഹം ഇത് സംബന്ധമായ അന്വേഷണങ്ങള്‍ ഏറെ നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഒരു ചെറിയ വിഭാഗത്തിന്റെ വിശ്വാസത്തെ ഭൂരിപക്ഷത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണ്. വ്യത്യാസങ്ങളെയും ഭിന്ന സംസ്‌കാരങ്ങളെയും നിരസിക്കുന്ന ഫാസിസ്റ്റ് പ്രവണതയാണത്. ഇന്ത്യപോലൊരു ഉഷ്ണ മേഖലാ രാജ്യത്ത് ഗോവധ നിരോധത്തിലൂടെ വലിയൊരു വിഭാഗത്തിന്റെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഭക്ഷണവും വേഷവുമെല്ലാം ഭൂരിപക്ഷത്തിന്റെ പേരില്‍ ഒരു ന്യൂനപക്ഷം തീരുമാനിക്കുന്ന അവസ്ഥ ഫാസിസത്തിന്റെ കരിനിഴലിലേക്ക് ഒരു നാട് നീങ്ങുന്നതിന്റെ വേദനാജനകമായ സൂചനയാണ്. നാടിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായകമാണ് മാംസവ്യവസായം. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന പോഷകപ്രധാനമായ ഭക്ഷണമാണ് ഗോമാംസം. ലോകത്തില്‍ ഗോ മാംസം കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. ഒരു ജനതയുടെ ഭക്ഷണത്തിലും ജീവിതോപാധികളിലും വരേണ്യ വിഭാഗങ്ങളുടെ വിശ്വാസം അടിച്ചേല്‍പ്പിച്ച് നിരോധിക്കുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്?

---- facebook comment plugin here -----

Latest