അംഗീകാര നിറവില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത്

Posted on: March 6, 2015 10:11 am | Last updated: March 6, 2015 at 10:11 am
SHARE

പനമരം: മികച്ച ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗീകാരത്തിന്റെ നിറവില്‍. മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി. 2013-14 സാമ്പത്തിക വര്‍ഷം തൊഴില്‍ നല്‍കിയ കുടുംബങ്ങളുടെയും തൊഴില്‍ ദിനങ്ങളുടെയും എണ്ണം, ശരാശരി തൊഴില്‍ ദിനങ്ങള്‍, എസ്.സി/എസ്,ടി വിഭാഗക്കാര്‍ക്ക് നല്‍കിയ തൊഴില്‍, നൂറു തൊഴില്‍ ദിനം പൂര്‍ത്തികരിച്ചവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ 120 പോയിന്റ് നേടിയാണ് പനമരം ബ്ലോക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ഇ.എഫ്.എം.എസ് സംവിധാനം സംസ്ഥാനതലത്തില്‍ ആദ്യമായി നടപ്പിലാക്കുകയും സമ്പൂര്‍ണ്ണ എസ്.റ്റി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത പനമരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വരള്‍ച്ച തടയുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 127 കുളങ്ങള്‍, മണ്‍കയ്യാലകള്‍, ചെക്ക് ഡാമുകള്‍ എന്നിവയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ചത്. അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ 25 നഴ്‌സറികളില്‍ കാപ്പി, മഹാഗണി, കുരുമുളക്, കണിക്കൊന്ന, സീതപ്പഴം തുടങ്ങി അഞ്ച് ലക്ഷത്തോളം തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയും അവ തോട്ടങ്ങളില്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പനമരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഗ്രാമപ്രദേശങ്ങളിലെ 23 റോഡുകള്‍ മെറ്റലിംഗ് നടത്തുകയും പുതിയ റോഡുകള്‍ നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. ആസ്തി വികസന പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്.
യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ, വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സെലിന്‍ മാനുവല്‍, റാണി വര്‍ക്കി, പി.എം. സുധാകരന്‍, വി.ഡി. ജോസ്, കാട്ടില്‍ ഉസ്മാന്‍, എം.സി. സെബാസ്റ്റ്യന്‍, പി.ജി. ഹൈമവതി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.സി. മജീദ്, ജോയിന്റ് ബി.ഡി.ഒ. കെ. കമറുന്നീസ എന്നിവര്‍ സംസാരിച്ചു.