Connect with us

Wayanad

ഓവാലി പഞ്ചായത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഓവാലി മുന്നേറ്റ സംഘം

Published

|

Last Updated

ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഓവാലി മുന്നേറ്റ സംഘം ഗൂഡല്ലൂര്‍ ആര്‍ ഡി ഒ വിജൈബാബുവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 25,000 കുടുംബങ്ങള്‍ അതിവസിക്കുന്ന ഓവാലിയില്‍ റോഡ്, നടപ്പാത, വീട്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഓവാലിയില്‍ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷന്‍, ആശുപത്രി തുടങ്ങിയവകളെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സെക്ഷന്‍ 17-വിഭാഗം ഭൂമിയുടെ പേര് പറഞ്ഞ് വികസന പ്രവൃത്തികള്‍ അധികൃതര്‍ തടയുകയാണ്. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നത് വനംവകുപ്പ് തടയുകയാണ്. ഇത്കാരണം ഒരു വികസന പ്രവൃത്തികളും നടക്കുന്നില്ല. വീടിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്താന്‍ പോലും പറ്റാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. സുപ്രീംകോടതിയുടെ പേര് പറഞ്ഞാണ് വികസനം മുടക്കുന്നത്. 2005ല്‍ സുപ്രീംകോടി സെക്ഷന്‍ 17-വിഭാഗം ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഓവാലിയിലെ വനാതിര്‍ത്തിയില്‍ വന്യമൃഗ ശല്യം തടയുന്നതിന് കിടങ്ങ് നിര്‍മിക്കണമെന്നും സെക്ഷന്‍ 17-വിഭാഗം ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നേറ്റ സംഘം പ്രസിഡന്റ് ഭാസ്‌കരന്‍, സെക്രട്ടറി ആനന്ദരാജ്, രാജേന്ദ്രന്‍, അഡ്വ. പരശൂറാമന്‍, കുമരേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നല്‍കിയത്.