ജലസേചനത്തിന് വാട്ടര്‍ അതോറിറ്റി വെള്ളം പമ്പുചെയ്തില്ല; ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്ല് കരിഞ്ഞുണങ്ങി

Posted on: March 4, 2015 10:35 am | Last updated: March 4, 2015 at 10:35 am
SHARE

പനമരം: ജലസേചനത്തിനായി വാട്ടര്‍ അതോറിറ്റി വെള്ളം പമ്പുചെയ്യാത്തതിനെ തുടര്‍ന്ന് കൊയിലേരി പൊട്ടന്‍കൊല്ലി ഊര്‍പ്പള്ളി പ്രദേശത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ നെല്ല് കരിഞ്ഞ് നശിച്ചു. ഈ പ്രദേശങ്ങളില്‍ 250 ഏക്കര്‍ വയലില്‍ 140 ഓളം കര്‍ഷകരാണ് നെല്‍ കൃഷി ചെയ്യുന്നത്. കൊയിലേരി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരെയാണ് വാട്ടര്‍ അതോറിറ്റി വഞ്ചിച്ചത്. കഴിഞ്ഞ 10 ദിവസത്തോളമായി ഇവിടേക്ക് വെള്ളം പമ്പ് ചെയ്തിട്ടില്ല. ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വാട്ടര്‍ അതോറിറ്റി വെള്ളം പമ്പ് ചെയ്യാത്തതാണ് കര്‍ഷകര്‍ ദുരിതത്തിലാകാന്‍ കാരണം.
വയനാട്ടിന്റെ നെല്ലറയായ കൊയിലേരിയിലെ കര്‍ഷകരുടെ ആഴ്ചകള്‍ക്ക് മുമ്പ് നട്ട നെല്‍ചെടികളാണ് കഴിഞ്ഞ 10 ദിവസമായി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുണങ്ങിയത്. കൂടാതെ പറിച്ചുനടാന്‍ പാകമായ ഞാറും കരിഞ്ഞുണങ്ങി. വെള്ളമെത്തിക്കാന്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കയറിയിറങ്ങി മടുത്തതല്ലാതെ ഇവര്‍ക്ക് വെള്ളമെത്തിക്കാന്‍ അധികൃതര്‍ യാതൊരു ശ്രമവും നടത്തുന്നില്ല. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കമ്മീഷന്‍ ചെയ്ത ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ വെള്ളം പമ്പ് ചെയ്യാത്തതാണ് കര്‍ഷകരെ ദുരിതത്തിലായിക്കിയത്. ലക്ഷങ്ങള്‍ മുടക്കി അടുത്തിടെ വാങ്ങിയ മോട്ടര്‍ പണിമുടക്കിയതാണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയത്. രണ്ടു മോട്ടറുകളില്‍ ഒന്ന് നേരത്തെ തന്നെ പ്രവര്‍ത്തന രഹിതമായിരുന്നു. ഇതിന്റെ അറ്റകുറ്റപണി നടത്താന്‍ പോലും അധികൃതര്‍ തയാറായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. 2013ല്‍ ലക്ഷങ്ങള്‍ മുടക്കി കമ്മീഷന്‍ ചെയ്ത കൊയിലേരി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രകാരം സ്ഥാപിച്ച രണ്ട് മോട്ടറുകളില്‍ ഒരു മോട്ടറിന്റെയും മെയിന്‍ സ്വിച്ചിന്റെയും പകുതി ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ കാണാതായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ഈ അവസ്ഥ തുടര്‍ന്നാല്‍ ദുരിതത്തിലാവുക ലക്ഷങ്ങള്‍ വായ്പയെടുത്ത് നെല്‍കൃഷിയിറക്കിയ കര്‍ഷകരായിരിക്കും. പാടശേഖരസമിതി അടക്കം രേഖാമൂലം പരാതി നല്‍കിയിട്ടും വെള്ളമെത്തിയ്ക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ഈ അവസ്ഥ തുടര്‍ന്നാല്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് ഈ പ്രദേശത്തെ കര്‍ഷകര്‍.