അയര്‍ലാന്‍ഡിനെ 201 റണ്‍സിന് തോല്‍പ്പിച്ച് ദ.ആഫ്രിക്ക ക്വാര്‍ട്ടറില്‍

Posted on: March 4, 2015 6:00 am | Last updated: March 4, 2015 at 12:00 am
SHARE

world cupസിഡ്‌നി: ലോകകപ്പില്‍ തുടരെ രണ്ടാം മത്സരത്തിലും നാനൂറിന് മുകളില്‍ ടീം ടോട്ടല്‍ ! തുടരെ രണ്ടാം കളിയിലും ഇരുനൂറിലേറെ റണ്‍സിന് ജയം ! എ ബി ഡിവില്ലേഴ്‌സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക പൂള്‍ ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ബെര്‍ത് സ്വന്തമാക്കിയത് അവരുടെ ആള്‍റൗണ്ട് മികവറിയിച്ചുകൊണ്ട്.
ആദ്യ രണ്ട് കളിയും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ അയര്‍ലാന്‍ഡിനെ 201 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടത്. നിശ്ചിത അമ്പതോവറില്‍ നാല് വിക്കറ്റിന് 411 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ അവരുടെ ഏറ്റവും വലിയ ടോട്ടല്‍ ! ഐറിഷ് മറുപടി 45 ഓവറില്‍ 210ല്‍ ഒതുങ്ങി. പൂളില്‍ വെസ്റ്റിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്ക 408 റണ്‍സടിച്ചിരുന്നു. ക്യാപ്റ്റന്‍ ഡിവില്ലേഴ്‌സ് 66 പന്തുകളില്‍ 162 റണ്‍സടിച്ചതായിരുന്നു വിന്‍ഡീസിനെ തറപറ്റിച്ചതെങ്കില്‍ ഇന്നലെ 217 പന്തുകളില്‍ 247 റണ്‍സടിച്ച അംല-ഡുപ്ലെസിസ് സഖ്യവും അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ ഡിവില്ലേഴ്‌സ്, മില്ലര്‍, റോസോവ് എന്നിവരും ഐറിഷ് ബൗളര്‍മാരെ നാണംകെടുത്തി. 2007ല്‍ ബെര്‍മുഡക്കെതിരെ ഇന്ത്യ നേടിയ 413 റണ്‍സിന്റെ ലോകകപ്പ് റെക്കോര്‍ഡിന് രണ്ട് റണ്‍സ് പിറകിലാണ് ദക്ഷിണാഫ്രിക്ക ഇന്നലെ സ്‌കോര്‍ ചെയ്തത്. ലോകകപ്പിലെ ഏറ്റവും വലിയ ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കക്ക് കൈയ്യകലെ നഷ്ടമാകുന്നത്.
ഹാഷിം അംല (128 പന്തില്‍ 159)യും ഫാഫ് ഡു പ്ലെസിസും (109 പന്തില്‍ 109) സെഞ്ച്വറി നേടിയതാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഓപണര്‍ ഡി കോക് പതിവ് പോലെ പെട്ടെന്ന് മടങ്ങിയപ്പോള്‍ അംലയും ഡുപ്ലെസിസും രണ്ടാം വിക്കറ്റില്‍ 247 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സ് 16 പന്തില്‍ 24 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലറും (23 പന്തില്‍ 46) റോസോവും (30 പന്തില്‍ 61) പുറത്താകാതെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് സ്‌കോര്‍ നാനൂറ് കടത്തിയത്.
ബൗളിംഗില്‍ ഉറ്റുനോക്കിയത് നൂറാം ഏകദിനം കളിക്കുന്ന ഡെയില്‍ സ്റ്റെയിനിലേക്കായിരുന്നു. നാട്ടില്‍ കാട്ടുതീ പടരുന്നതിന്റെ വേവലാതിയില്‍ പന്തെടുത്ത സ്റ്റെയിന്‍ ആദ്യ മൂന്നോവറില്‍ തന്നെ രണ്ട് വിക്കറ്റെടുത്ത് അയര്‍ലാന്‍ഡിന്റെ തലയിളക്കി. എട്ടോവറില്‍ 39റണ്‍സിന് രണ്ട് വിക്കറ്റാണ് സ്റ്റെയിനിന്റെ പ്രകടനം. എട്ടോവറില്‍ 21ന് നാല് വിക്കറ്റെടുത്ത അബോട്ടും ഒമ്പതോവറില്‍ 34ന് മൂന്ന് വിക്കറ്റെടുത്ത മോര്‍നി മോര്‍ക്കലും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗില്‍ തിളങ്ങി. ഏകദിന ക്രിക്കറ്റില്‍ അതിവേഗം ഇരുപത് സെഞ്ച്വറികള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ഇന്നലെ ഹാഷിം അംല സ്വന്തമാക്കി. 108താം ഇന്നിംഗ്‌സിലായിരുന്നു അംലയുടെ നേട്ടം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയുടെ 133 ഇന്നിംഗ്‌സിലെ 20 സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് തകര്‍ന്നത്.
അംല പതിനാറ് ഫോറും നാല് സിക്‌സറുകളുടെയും സഹായത്തോടെയാണ് മാന്‍ ഓഫ് ദ മാച്ച് ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. ഡു പ്ലെസിസ് പത്ത് ഫോറും ഒരു സിക്‌സറും പറത്തി. മൂന്ന് ഓവറുകള്‍ക്കിടയില്‍ ഇരുവരും പുറത്തായെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ വേഗം കുറഞ്ഞില്ല.
മില്ലറും റിലീ റോസ്സൗവും ഐറിഷ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. അവസാന 20 ഓവറില്‍ 230 റണ്ണാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ഏഴ് പന്ത് കൂടി ശേഷിക്കെ അവര്‍ 400 റണ്ണും തികച്ചു. 8.3 ഓവറിലാണ് റോസോവും മില്ലറും ചേര്‍ന്ന് 110 റണ്ണിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്.