Connect with us

Kannur

ടി പത്മനാഭനും ശ്രീനിവാസനും കണ്ണൂര്‍ സര്‍വകലാശാല ആചാര്യ അവാര്‍ഡ്

Published

|

Last Updated

കണ്ണൂര്‍: സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മാതൃകാപരമായ സേവനം കാഴ്ചവച്ച അഞ്ച് വ്യക്തികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല ആചാര്യ അവാര്‍ഡ് നല്‍കി ആദരിക്കും. 15ന് രാവിലെ 11ന് കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വി സദാശിവം അവാര്‍ഡ് ദാനം നിര്‍വഹിക്കും.
ചെറുകഥാകൃത്ത് ടി പത്മനാഭന്‍, നടനും സംവിധായകനുമായ ശ്രീനിവാസന്‍, പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. എം എ റഹ്മാന്‍ എന്നിവര്‍ക്കാണ് ആചാര്യ അവാര്‍ഡ് നല്‍കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് ആചാര്യ അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
16 പേരുടെ പട്ടികയാണ് ഇതിനായി തയാറാക്കിയത്. യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളവരും പട്ടികയിലുണ്ട്. സമീപഭാവിയില്‍ ബാക്കിയുള്ളവര്‍ക്കും അവാര്‍ഡ് നല്‍കും. പി ജി, പി എച്ച് ഡി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും ഈവര്‍ഷം തന്നെ നടക്കുമെന്നു വൈസ് ചാന്‍സിലര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റ് അംഗം ഡോ. ജോണ്‍ ജോസഫ്, പി ആര്‍ ഒ. കെ പി പ്രശാന്ത് എന്നിവരും പങ്കെടുത്തു.

Latest