Connect with us

Kerala

സി പി ഐ സംസ്ഥാന സമ്മേളനം: സെക്രട്ടറിയെ ചൊല്ലി വാക്കേറ്റം

Published

|

Last Updated

കോട്ടയം: സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ പ്രതിനിധികളുടെ കടുത്ത വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ വികാരാധീനനായി. താന്‍ ആഗ്രഹിച്ചല്ല, അവിചാരിതമായാണ് സെക്രട്ടറിയായതെന്ന വികാരപ്രകടനത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞുതുടങ്ങിയത്. പി കെ വി, വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ എന്നിവരെ പോലെ നേതൃഗുണം തനിക്കില്ല. ആശാന്‍ ഒന്ന് അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിയില്‍ എതിരഭിപ്രായം ഉയര്‍ന്നിരുന്നില്ല. മുന്‍ഗാമികള്‍ നയിച്ചതുപോലെ പാര്‍ട്ടിയെ നയിക്കാന്‍ തനിക്കായെന്ന് അവകാശപ്പെടുന്നില്ല. നിര്‍ധന തൊഴിലാളി കുടുംബത്തിലാണ് താന്‍ പിറന്നത്. താന്‍ സെക്രട്ടറിയായ ശേഷം ഒരുപാട് എതിര്‍പ്പുകള്‍ വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. അതിന് ആരെയും കുറ്റം പറയുകയല്ല. പാര്‍ട്ടിയില്‍ നിലവില്‍ നേതൃനിരയിലുള്ളവരെല്ലാം തന്റെ സമശീര്‍ഷരാണെന്നും പന്ന്യന്‍ പറഞ്ഞു.
കെ എം മാണിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ പ്രതിഷേധിക്കുന്നതിന് സി പി എമ്മിന് താത്പര്യം കുറവായിരുന്നെന്നും പന്ന്യന്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. അഴിമതി ആരോപണം ഉയര്‍ന്ന് ഇരുപത് ദിവസം പിന്നിട്ട ശേഷമാണ് ഇടതു മുന്നണി വിളിച്ചുകൂട്ടാന്‍ സി പി എം തയ്യാറായതുതന്നെ. തിരുവനന്തപുരത്ത് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ആരെയും വ്യക്തിപരമായി നടപടിക്ക് വിധേയമാക്കിയിട്ടില്ല. നടപടിക്കുവിധേരായവരെ പാര്‍ട്ടി കൈവിട്ടിട്ടുമില്ല. രണ്ട് പേര്‍ പാര്‍ട്ടി വിട്ടുപോകുകയായിരുന്നു. എറണാകുളം ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എം എം ലോറന്‍സ് ആക്ഷേപം ഉന്നയിച്ചിട്ടും സി പി എം ഒരു നടപടിയുമെടുത്തില്ല എന്നും പ്രതിനിധികളെ ഓര്‍മിപ്പിക്കാന്‍ സെക്രട്ടറി മറന്നില്ല. 30 മിനിട്ടോളം സമയമെടുത്താണ് പന്ന്യന്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങള്‍ക്ക് ഇടയാക്കി.
കാനം രാജേന്ദ്രനെ പിന്തുണക്കുന്നവരും കെ ഇ ഇസ്മയിലിനെ പിന്തുണക്കുന്നവരും തമ്മിലായിരുന്നു വാക്കേറ്റം. സെക്രട്ടറിയായി ഇസ്മയിലിന്റെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ എതിര്‍പക്ഷം കടുത്ത ആക്ഷേപവുമായി രംഗത്തെത്തി. 2012 ലെ സംസ്ഥാന സമ്മേളനത്തിന്റെ ബാക്കിവന്ന പത്ത് ലക്ഷം രൂപ റെഡ് വളണ്ടിയര്‍മാരെ തയ്യാറാക്കുന്നതിലേക്ക് മാറ്റിവച്ചിരുന്നു. ഈ തുക ഇസ്മയില്‍ ദുരുപയോഗം ചെയ്‌തെന്നായിരുന്നു പ്രധാന ആരോപണം. റെഡ് വാളണ്ടിയര്‍മാരുടെ ചുമതല ഏല്‍പ്പിക്കപ്പെട്ടിരുന്നത് ഇസ്മയിലിനെ ആയിരുന്നു. ആരോപണത്തെത്തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പരസ്പരം കൊമ്പുകോര്‍ത്തു. അസി.സെക്രട്ടറി പ്രകാശ് ബാബു വിഭാഗീയത വളര്‍ത്തുന്നുവെന്നാരോപിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മൂത്തതോടെ ചര്‍ച്ച തടസ്സപ്പെട്ടു. പ്രകാശ് ബാബുവിന് പത്തനംതിട്ടയുടെ ചുമതല കൊടുത്തപ്പോള്‍ ഒരു പ്രബല നേതാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചിരുന്നതായും ആക്ഷേപമുയര്‍ന്നു. പത്തനംതിട്ടയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ആരോപണത്തിന് തിരുവനന്തപുരത്തുനിന്നുള്ള അംഗങ്ങളും പിന്തുണച്ചു. ഇതേത്തുടര്‍ന്ന് തര്‍ക്കം മൂര്‍ഛിച്ചു. തുടര്‍ന്ന് ബഹളമുണ്ടാക്കുന്നവര്‍ പുറത്തുപോകണമെന്ന് പ്രസീഡിയം ആവശ്യപ്പെട്ടതോടെ അഞ്ച് മിനിട്ടോളം ചര്‍ച്ച നിര്‍ത്തിവെക്കേണ്ടിവന്നു.
പിന്നീട് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇടപെട്ടാണ് ചര്‍ച്ച പുനരാരംഭിച്ചത്. എന്നാല്‍, സമ്മേളനം നിര്‍ത്തിവച്ചില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഇടവേളയായിരുന്നെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ വിശദീകരണം. സെക്രട്ടറി തിരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കുന്നതിന് ജനറല്‍ സെക്രട്ടറി എസ് സുധാകര റെഡ്ഢി, ഡി രാജ എം പി എന്നിവരുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു. ഉച്ചയോടെ പൊതുചര്‍ച്ച പൂര്‍ത്തിയാക്കി ആറ് കമ്മീഷനുകളായി തിരിഞ്ഞ് മറുപടി തയ്യാറാക്കിയാണ് അവതരിപ്പിച്ചത്.