Connect with us

Ongoing News

പ്രവാസത്തിന്റെ നെരിപ്പോടുകള്‍ പങ്കുവെച്ച് ഐ സി എഫ്കമ്മ്യൂണ്‍

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: ജീവിക്കാന്‍ വേണ്ടി ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് തൊഴില്‍തേടി പോയവരുടെ ആശങ്കകളും പ്രതിസന്ധികളും പങ്കുവെച്ച് പ്രവാസി സമ്മേളനം.
പ്രവാസികള്‍ നേരിട്ട്‌കൊണ്ടിരിക്കുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്്ത സമ്മേളനത്തില്‍ നിരവധി ആവശ്യങ്ങളും ഉന്നയിച്ചു.ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ ക്ലേശത്തിന് വഴിയാരുക്കുന്ന രീതിയില്‍ അറ്റകുറ്റപ്പണിക്കായി ആറ് മാസം കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള നീക്കത്തില്‍ സമ്മേളനം പ്രതിഷേധിച്ചു. അന്താരാഷ്ട്ര വിമാനങ്ങള്‍ ഇറങ്ങുന്നത് തടയാനുള്ള ഗൂഢനീക്കം ഹജ്ജിനും കേരളത്തിന്റെ വികസനത്തിനും തടസമായതിനാല്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഐ എസി എഫ് പ്രവര്‍ത്തകരായ ആയിരക്കണക്കിന് പ്രവാസികളാണ് ആലിമുസ് ലിയാര്‍ സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പൊതു ബജറ്റില്‍ പ്രവാസികളെ കുറിച്ച് പരാമര്‍ശിക്കാതിരുന്നത് ഖേദകരമാണെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി എം എ സലാം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ ബജറ്റിലും പ്രവാസികളെ അവഗണിച്ചിരുന്നു.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രിയും വകുപ്പുുമുള്ള സംസ്ഥാനം കേരളം മാത്രമാണ്. തിരിച്ചുവരുന്നവരുടെ പ്രശ്‌നങ്ങളാണ് കൂടുതലും. ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ട്. 500 കോടി ഡോളറാണ് വിദേശ നാണ്യമായി ഒരു വര്‍ഷം ഇന്ത്യയിലേക്ക് എത്തുന്നത്. അറുപത് വയസ് തികഞ്ഞവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇതിന് പ്രവാസി ക്ഷേമബോര്‍ഡില്‍ അംഗമാകണം. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെയും പ്രവാസികളായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക പണം അനുവദിക്കും. ചികിത്സക്കും ധനസഹായം നല്‍കും. ഒന്നേകാല്‍ ലക്ഷം പ്രവാസികളാണ് ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. ഇതിനെകുറിച്ച് പ്രവാസികള്‍ക്കിടയില്‍ അവബോധമുണ്ടാക്കണം.
ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ നടപടി വേണമെന്ന് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ശരീഫ് കാരശ്ശേരി പറഞ്ഞു. വിമാനടിക്കറ്റുകളുടെ ക്രമാതീതമായ നിരക്ക് വര്‍ധനവിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം. പ്രവാസികളുടെ വോട്ടവകാശം വേഗത്തിലാക്കാനുള്ള നടപികളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, എ മുഹമ്മദ് പറവൂര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ അറുപതാം വാര്‍ഷിക ഭാഗമായി 60 തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കുള്ള സ്‌നേഹോപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. അബ്ദുര്‍റഹീം പാപ്പിനിശ്ശേരി സഊദി അറേബ്യ, ഹമീദ് ഈശ്വരമംഗലം (യു എ ഇ), നിസാര്‍ സഖാഫി ഒമാന്‍, അബ്ദുസലാം പുത്തനത്താണി ഖത്തര്‍, അലവി സഖാഫി തെഞ്ചീരി കുവൈത്ത്, അബ്ദുല്‍ കരീം സഖാഫി ബഹ്‌റൈന്‍, അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ മലേഷ്യ, ടി എ അലി അക്ബര്‍, അബ്ദുല്‍ കരീം ഹാജി മേമുണ്ട, എം സി അബ്ദുല്‍ കരീം, പ്രസംഗിച്ചു.

Latest