Connect with us

Wayanad

ആദിവാസികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം” പദ്ധതിയില്‍ ആദിവാസികള്‍ക്ക് മുമ്പ് എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഭൂമി വിതരണം ചെയ്യുന്നതിനുള്ള നിയമ- സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
വയനാട് എന്‍ജിനീയറിംഗ് കോളജ്, കിന്‍ഫ്ര പാര്‍ക്ക്, കല്‍പ്പറ്റ ബൈപ്പാസ്, തുടങ്ങിയവയ്ക്ക് എസ്റ്റേറ്റ് ഭൂമി വിലക്കെടുത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. എന്നാല്‍ ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സാങ്കേതിക തടസ്സം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടത്.
കാരാപ്പുഴ പദ്ധതിയില്‍ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്നതിനായി നിര്‍മ്മിച്ച 84 വീടുകളില്‍ പകുതിയും ഒഴിഞ്ഞ് കിടക്കുകയും, 68 പ്ലോട്ടുകളില്‍ 16 എണ്ണം ഗുണഭോക്താക്കള്‍ ഏറ്റെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവ അര്‍ഹരായ മറ്റ് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.ഇതിനായി പ്രത്യേകം യോഗം ചേരും.
“ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം” പദ്ധതിക്ക് കീഴില്‍ ഭൂമിയേറ്റെടുക്കുന്നതിന് നിലവിലുള്ള ജില്ലാതല സമിതിക്ക് പുറമെ താലൂക്ക് തലത്തിലും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതികള്‍ രൂപവല്‍കരച്ച് തര്‍ക്കങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനും ധാരണയായി. കല്‍പ്പറ്റ നഗരസഭയുടെ “എന്റെ ഗൃഹം” പദ്ധതിയുടെ ഭാഗമായി മൂന്ന് സെന്റില്‍ 600 ചതുരശ്ര വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിനള്ള നിയമതടസ്സങ്ങള്‍ നീക്കണമെന്ന് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി.ആലി ആവശ്യപ്പെട്ടു. നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് മാര്‍ച്ച് ആദ്യത്തില്‍ തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. കുരങ്ങ് പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് , വനം വകുപ്പ് അധികൃതര്‍ക്ക് ലഭ്യമാക്കിയ ഗംബൂട്ട്, ഓഡോമസ് ഉള്‍പ്പെടെയുള്ള സുരക്ഷാ വസ്തുക്കള്‍ കോളനികളിലെ തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ ഐ.റ്റി.ഡി.പി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡമനുസരിച്ച് വാഴകര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഒരു വാഴയ്ക്ക് ഒരു രൂപ എണ്‍പത് പൈസ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളു എന്ന പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കാനും ജില്ലാ വികസനസമിതിയില്‍ തീരുമാനമായി. നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് 31 നകം നല്‍കാന്‍ നടപടിയുണ്ടാകണമെന്ന് എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.
ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ അദ്ധ്യാപക നിയമനത്തിനുള്ള നടപടി സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രി നിര്‍മ്മാണത്തിന് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി ഭരണ- സാങ്കേതിക അനുമതി മാര്‍ച്ച് 31 നകം നേടിയെടുക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്തി. ജില്ലയില്‍ കുരങ്ങുപനി നിയന്ത്രണ വിധേയമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. കെ.ആര്‍. വിദ്യ അറിയിച്ചു.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആനുകൂല്യം നല്‍കുന്നതിനും കല്‍പ്പറ്റ,
ബത്തേരി, മാനന്തവാടി, എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പ് നടത്താനും സര്‍ക്കാര്‍ തീരുമാനമനുസരിച്ചുള്ള മുഴുവന്‍ സഹായങ്ങളും സമയബന്ധിതമായി നല്‍കാനും പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ജില്ലാ കളക്ടര്‍ക്കും, പട്ടിക വര്‍ഗ്ഗ വകുപ്പിനും നിര്‍ദ്ദേശം നല്‍കി. ഭൂരഹിതരായവര്‍ക്ക് ഭൂമിയും കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരവുമുള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ്, , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി.സജീവ് ,ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest