പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ച് നില്‍ക്കണം: അഅ്‌സം ഖാന്‍

Posted on: February 28, 2015 10:06 pm | Last updated: March 1, 2015 at 12:22 pm

താജുല്‍ ഉലമാനഗര്‍: പിന്നാക്കവസ്ഥ പരിഹരിക്കപ്പെടാന്‍ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമമന്ത്രി അഅ്‌സം ഖാന്‍. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള സംഭവങ്ങള്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യാ വിഭജന ചരിത്രവുമായി ബന്ധപ്പെട്ടതാണിത്. ഭിന്നതയുടെ ഭവിഷ്യത്ത് ഉള്‍ക്കൊണ്ട് വേണം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യൂനപക്ഷ ഭരണഘടനാ അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും ഇക്കാര്യത്തില്‍ നിശബ്ദത വെടിയേണ്ടതുണ്ടെന്നും മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എം പി മുനവ്വര്‍ സലീം പറഞ്ഞു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുള്ള ആര്‍ എസ് എസ് നീക്കം ചെറുത്ത് തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച എളമരം കരീം എം എല്‍ എ അഭിപ്രായപ്പെട്ടു.
മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെ എന്‍ എ ഖാദര്‍ എം എല്‍ എ പറഞ്ഞു. മതേതരത്വത്തിന് വേണ്ടിയുള്ള എസ് വൈ എസിന്റെ പ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും ആത്മവിശ്വാസം പകരാനും കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതന്യൂനപക്ഷങ്ങള്‍ അപകടകരമായ സാമൂഹിക പ്രതിസന്ധി നേരിടുകയാണെന്ന് സി പി എം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളെ പാടേ അവഗണിച്ച ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചത്. ഉപരിവര്‍ഗത്തെ താല്‍പര്യപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി പി എം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്‍, കെ പി സി സി ജനറല്‍സെക്രട്ടറി ടി സിദ്ദീഖ്, ഡോ. ഹുസൈന്‍ രണ്ടത്താണി പ്രസംഗിച്ചു. എന്‍ അലിഅബ്ദുല്ല വിഷയാവതരണം നടത്തി. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷനായിരുന്നു.