Connect with us

National

സോണിയ മാറേണ്ട സമയമല്ല ഇതെന്ന് അശ്വനി കുമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃ മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ സോണിയാ ഗാന്ധിയെ ശക്തമായി പിന്തുണച്ച് മുന്‍ നിയമ മന്ത്രി അശ്വനി കുമാര്‍. സോണിയാ ഗാന്ധി മാതൃകാപരമായാണ് പാര്‍ട്ടിയെ നയിക്കുന്നത്. പാര്‍ട്ടി അങ്ങേയറ്റം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ ഘട്ടത്തില്‍ നേതൃമാറ്റ ചര്‍ച്ചയല്ല ചെയ്യേണ്ടത്. ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് അശ്വനി കുമാര്‍ പറഞ്ഞു.
അതേസമയം, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും തമ്മില്‍ വീക്ഷണപരമായി ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ആവശ്യമില്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് ഇപ്പോള്‍ വിരമിക്കില്ലെന്നും സമ്പന്നമായ നേതൃത്വമാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളതെന്നും കുമാര്‍ പറഞ്ഞു. നിര്‍ണായക സമയത്ത് പാര്‍ട്ടിയെ പുനര്‍ശാക്തീകരണത്തിനുള്ള പദ്ധതികളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തീരുമാനമെടുക്കുന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരു പാര്‍ട്ടിയിലെ രണ്ട് ഘടകങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളെടുക്കുന്നതില്‍ സോണിയയുമായുള്ള ഭിന്നതയാണ് രാഹുല്‍ അവധിയില്‍ പോയതിന് കാരണമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. രാഹുലിന് സമ്പൂര്‍ണ ഉത്തരവാദിത്വം നല്‍കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കമല്‍ നാഥ് ആവശ്യപ്പെട്ടിരുന്നു.