Connect with us

Kerala

മലബാറിലെ മഖ്ബറകളിലേക്ക് സന്ദര്‍ശക പ്രവാഹം

Published

|

Last Updated

താജുല്‍ ഉലമ നഗര്‍: എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനം തുടങ്ങിയതോടെ മലബാറിലെ മഹാന്‍ന്മാരുടെ മഖ്ബറകളില്‍ സന്ദര്‍ശക പ്രവാഹം. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്വഫ്‌വ സമ്മേളന ദിവസമായ വ്യാഴാഴ്ച പുലര്‍ച്ചെ തന്നെ തെക്കന്‍ഭാഗങ്ങളില്‍ നിന്ന് നിരവധി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. മടവൂര്‍, മമ്പുറം, പുത്തന്‍പള്ളി, പൊന്നാനി, മലപ്പുറം ശുഹദാക്കള്‍ തുടങ്ങിയ മഖ്ബറകള്‍ക്ക് പുറമെ അടുത്ത കാലങ്ങളിലായി വിടപറഞ്ഞ പ്രസ്ഥാന നേതാക്കളായ അവേലത്ത് തങ്ങള്‍, ഒ കെ ഉസ്താദ്, കുണ്ടൂര്‍ ഉസ്താദ്, നെല്ലിക്കുത്ത് ഉസ്താദ് തുടങ്ങിയവരുടെ സന്നിധികളിലേക്കും സുന്നി പ്രവര്‍ത്തകരുടെ പ്രവാഹം തുടരുകയാണ്. വിദൂര ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനോടൊപ്പം സിയാറത്തും ലക്ഷ്യം വെക്കുകയാണ്. പ്രവര്‍ത്തകരുടെ സൗകര്യത്തിനായി വിവിധ മഖ്ബറകളിലേക്കുള്ള ദൂരവും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. സമ്മേളനം കാരണം ഇന്നലെ കോട്ടക്കല്‍, തിരൂരങ്ങാടി, തിരൂര്‍ ഭാഗങ്ങളിലെ മിക്ക പള്ളികളിലും ജുമുഅക്ക് നല്ല തിരക്കായിരുന്നു.
അതേസമയം, ചരിത്ര മഹാ സംഗമത്തിനെത്തുന്ന അനേകായിരങ്ങള്‍ക്ക് സേവനസജ്ജരായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്തിറങ്ങി. ദാഹജലം നല്‍കിയും ഭക്ഷ്യവിഭവങ്ങള്‍ സമ്മാനിച്ചും സംഘടനകള്‍ സാഹോദര്യസ്‌നേഹം പ്രകടിപ്പിച്ചു. വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമ്മേളനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ മധുരജലം നല്‍കുന്നത്. വെള്ളം തയ്യാറാക്കി വലിയ ടാങ്കില്‍ നിറച്ച് ലോറിയില്‍ എത്തിച്ച് നഗരിയുടെ പ്രധാന കവാടത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലം നല്‍കുന്നത്.
ജലവിതരണത്തിന്റെ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നിര്‍വഹിച്ചു. എം എന്‍ കുഞ്ഞഹമ്മദാജി, കെ പി സി സി മെമ്പര്‍ പി എ ചെറീത്, വേങ്ങര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എ അസീസ്, സെക്രട്ടറിമാരായ കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ ഉമ്മര്‍, എം കുഞ്ഞിപ്പ, ഇ നവാസ്, കൈപ്രന്‍ അസീസ് സംബന്ധിച്ചു.

---- facebook comment plugin here -----

Latest