സമാനതകളില്ലാത്ത ചരിത്രാനുഭവങ്ങളിലൂടെ കടന്നുവന്ന വി എസിനോട് എന്നും ആദരവ്: എം സ്വരാജ്

Posted on: February 24, 2015 1:50 pm | Last updated: February 25, 2015 at 12:15 am

swarajകോഴിക്കോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വി എസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന തരത്തില്‍ താന്‍ സംസാരിച്ചിട്ടില്ലെന്ന് എം സ്വരാജ്. താന്‍ പറയാത്തത് പറഞ്ഞെന്ന പേരില്‍ ചിലര്‍ ഹീനമായ നുണപ്രചാരണം നടത്തുകയാണെന്നും സ്വരാജ് ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സ്വരാജിന്റെ പ്രതികരണം.
വി എസ് ത്യാഗം സഹിച്ചിട്ടില്ലെന്നും വി എസിനെ വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കണമെന്ന് പറഞ്ഞെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞപ്പോള്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത്‌ പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും തനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.
ഈ പരാമര്‍ശങ്ങള്‍ താന്‍ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ത്യാഗനിര്‍ഭരവും ധീരതാ പൂര്‍ണവുമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് വി എസ്. ഒരു ദിവസമെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവരുടേത് പോലും ത്യാഗമാണ്. അപ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ട വി എസിന്റെ ത്യാഗം കാണാതിരിക്കാനാകില്ല. സമാനതകളില്ലാത്ത ചരിത്രാനുഭവങ്ങളിലൂടെ കടന്നുവന്ന വി എസിനോട് എന്നും ആദരവാണുള്ളത് എന്നും സ്വരാജ് വ്യക്തമാക്കുന്നു. നേതാക്കള്‍ മഹാന്മാരാണ്. എന്നാല്‍ അതിനേക്കാള്‍ മഹത്തരമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് താന്‍ കരുതുന്നൂവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.