Connect with us

Kerala

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

Published

|

Last Updated

ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. പതിനഞ്ച് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 87 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നിലവിലുള്ള കമ്മിറ്റിയില്‍ നിന്ന് പത്ത് പേരെ ഒഴിവാക്കിയെങ്കിലും ഇതില്‍ മൂന്ന് പേരെ പ്രത്യേക ക്ഷണിതാക്കളാക്കി. സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. പി കൃഷ്ണന്‍ ചെയര്‍മാനായി നാലംഗ കണ്‍ട്രോള്‍ കമ്മീഷനെയും തിരഞ്ഞെടുത്തു. വി എസിനൊപ്പം നിന്ന് വിഭാഗീയത നടത്തിയതിന് നേരത്തെ നടപടിയെടുത്ത് തരംതാഴ്ത്തിയിരുന്ന എന്‍ എന്‍ കൃഷ്ണദാസ് സംസ്ഥാന കമ്മിറ്റിയില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടതിനാല്‍ പി ബി അംഗം എം എ ബേബിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
പ്രതിപക്ഷ ഉപനേതാവായി പ്രവര്‍ത്തിക്കുന്ന കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാക്കുന്ന കാര്യത്തില്‍ ഞായറാഴ്ച തന്നെ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിരുന്നു. ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഔപചാരിക തീരുമാനമെടുത്തത്. തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ക്ക് മുന്നില്‍ പാനല്‍ അവതരിപ്പിച്ചു.
പതിനഞ്ച് പേരാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിലെത്തിയത്. കഴിഞ്ഞ സമ്മേളനത്തിനു ശേഷം പ്രത്യേക ക്ഷണിതാക്കളാക്കിയിരുന്ന എം ബി രാജേഷ് എം പി, എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശന്‍, എ കെ ജി സെന്റര്‍ ഓഫീസ് സെക്രട്ടറി കെ സജീവന്‍ എന്നിവരെ സ്ഥിരാംഗങ്ങളാക്കി. സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാതിരുന്ന പുതിയ ജില്ലാ സെക്രട്ടറിമാരായ വി എന്‍ വാസവന്‍ (കോട്ടയം), കെ പി ഉദയഭാനു (പത്തനംതിട്ട), സജി ചെറിയാന്‍ (ആലപ്പുഴ), പി മോഹനന്‍ (കോഴിക്കോട്) എന്നിവരെയും ഉള്‍പ്പെടുത്തി.